Tuesday, October 6, 2026
HomeKERALAകൈക്കൂലി പണം ടോയ്‌ലറ്റ് ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് രക്ഷപ്പെടാൻ ശ്രമം: ഒടുവിൽ പൈപ്പ് തകർത്ത് വിജിലൻസ്...

കൈക്കൂലി പണം ടോയ്‌ലറ്റ് ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് രക്ഷപ്പെടാൻ ശ്രമം: ഒടുവിൽ പൈപ്പ് തകർത്ത് വിജിലൻസ് പണം വീണ്ടെടുത്തു

പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭാ ലൈസൻസ് അനുവദിക്കുന്നതിന് 10,000 കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ തിരൂരങ്ങാടി നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II ഉം തിരുവനന്തപുരം കാട്ടാക്കട സ്വദേശിയുമായ ശ്രീജി.എസ് വിജിലൻസിന്റെ ട്രാപ്പ് ഓപ്പറേഷനിൽ പിടിയിലായ സംഭവത്തിൽ നാടകീയ രംഗങ്ങൾ.

ശ്രീജി.എസ് വാടകയ്ക്ക് താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിലെ റൂമിൽ എത്തി പണം കൈമാറണമെന്നായിരുന്നു ശ്രീജി പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നത്. വിജിലൻസ് നിർദ്ദേശ പ്രകാരം പണം കൈമാറിയ ശേഷം പരാതിക്കാരി റൂമിൽ നിന്നും ഇറങ്ങി കെട്ടിടത്തിന് താഴെ എത്തിയ സമയം വിജിലൻസ് സംഘം പ്രതിയുടെ റൂമിലേക്ക് ഇരച്ചെത്തി വാതിലിൽ മുട്ടിയപ്പോൾ സംശയം തോന്നിയ ശ്രീജി കൈക്കൂലി പണം ടോയ്‌ലറ്റിലെ ക്ലോസറ്റിൽ നിക്ഷേപിച്ച് ഫ്ലഷ് ചെയ്യുകയാണ് ഉണ്ടായത്.

എന്നാൽ വിജിലൻസ് സംഘം പലയാവർത്തി പണത്തെക്കുറിച്ച് ചോദിച്ചതിൽ പരസ്പരവിരുദ്ധമായി പറഞ്ഞ് വിജിലൻസ് സംഘത്തെ ശ്രീജി തെറ്റിധരിപ്പിക്കുകയും, ശ്രീജിയുടെ താമസ സ്ഥലത്തും, കെട്ടിടത്തിന് പുറക് വശത്തുള്ള കാട് പിടിച്ച പറമ്പിലും മണിക്കൂറുകൾ വിജിലൻസ് സംഘത്തിന് പരിശോധിക്കേണ്ടതായി വരികയും ചെയ്തു. എന്നാൽ തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത വിവരം ഇയാൾ വിജിലൻസിനോട് സമ്മതിക്കുകയാണ് ഉണ്ടായത്.

തുടർന്ന് ശ്രീജിയുടെ സാന്നിധ്യത്തിൽ ക്ലോസറ്റ് പൊളിച്ച് മാറ്റിയ ശേഷം പൈപ്പിലൂടെ ഹൈ പ്രഷറിൽ വെള്ളം പമ്പ് ചെയ്ത് നടത്തിയ പരിശോധനയിൽ പൈപ്പിൽ ബെന്റുകളിൽ തങ്ങി നിന്ന കൈക്കൂലി പണം വിജിലൻസ് കണ്ടെത്തുകയും, ഇതോടെ ട്രാപ്പ് ഓപ്പറേഷനിൽ വിജിലൻസ് സംഘം നിർണായക തെളിവ് വീണ്ടെടുക്കുകയും ചെയ്തു.

തിരൂരങ്ങാടി നഗരസഭ പരിധിയിലെ ചെമ്മാട്–കൊടിഞ്ഞി റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭാ ലൈസൻസ് ലഭിക്കുന്നതിനായാണ് പരാതിക്കാരി അപേക്ഷ നൽകിയിരുന്നത്.

ഓൺലൈനായി അപേക്ഷ സമർപ്പിച്ചെങ്കിലും ‘പേപ്പർ ക്ലിയർ അല്ല’ എന്ന് പറഞ്ഞ് അപേക്ഷകൾ മടക്കിയതിനെ തുടർന്ന് ലൈസൻസ് ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് പരാതിക്കാരി സുഹൃത്ത് മുഖേന പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിയെ സമീപിച്ചതും, ശ്രീജി 10,000/- രൂപ കൈക്കൂലി ആവശ്യപ്പെട്ടതും. തുടർന്ന് പരാതിക്കാരി മലപ്പുറം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ വിവരം അറിയിച്ചതും, അദ്ദേഹത്തിന്റെ നിർദേശപ്രകാരം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ച് വരവെ 01.10.2026 വൈകിട്ട് 6.45 ഓടെ പരപ്പനങ്ങാടിയിലുള്ള ശ്രീജി വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് വച്ച് പരാതിക്കാരിയിൽ നിന്ന് 10,000/- രൂപ കൈക്കൂലി വാങ്ങിയതിനെ തുടർന്ന് വിജിലൻസ് സംഘം ശ്രീജിയെ കൈയ്യോടെ പിടികൂടിയത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി 16.01.2026 തീയതി വരെ റിമാൻഡ് ചെയ്തു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ,8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്സ് അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments