തിരുവനന്തപുരം ഡിപ്പോയിൽ മാത്രം 66 ഡ്രൈവർമാരുടെ കുറവ് . കുറഞ്ഞ ദിവസവേതനത്തെ തുടർന്ന് നിയമനം ലഭിച്ചവർ ജോലി ഉപേക്ഷിക്കുന്നു
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഡ്രൈവർമാരുടെ കുറവ് രൂക്ഷമായതോടെ വരാനിരിക്കുന്ന ശബരിമല തീർഥാടനകാലത്തെ സ്പെഷൽ സർവീസുകളെ ബാധിക്കുമോയെന്ന ആശങ്ക ശക്തമാകുന്നു. തിരുവനന്തപുരം ഡിപ്പോയിൽ മാത്രം 66 ഡ്രൈവർമാരുടെ കുറവുണ്ടെന്നാണ് റിപ്പോർട്ട്. ആവശ്യത്തിന് താൽക്കാലിക ഡ്രൈവർമാരെ ലഭിക്കാത്തതും കുറഞ്ഞ ദിവസവേതനത്തെ തുടർന്ന് നിയമനം ലഭിച്ചവർ ജോലി ഉപേക്ഷിക്കുന്നതും പ്രതിസന്ധി വർധിപ്പിക്കുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ച താൽക്കാലിക ഡ്രൈവർമാർ ജോലി ഉപേക്ഷിച്ചതോടെ വീണ്ടും അപേക്ഷ ക്ഷണിക്കാനുള്ള നടപടികളുമായി കെഎസ്ആർടിസി മുന്നോട്ടുപോകുകയാണ്. നിലവിൽ താൽക്കാലിക ഡ്രൈവർമാർക്ക് പ്രതിദിനം 715 രൂപയാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. ഇത് 900 രൂപയായി ഉയർത്തണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം.
കെഎസ്ആർടിസി സ്വിഫ്റ്റിൽ 385 ഡ്രൈവർമാർ, 310 ഡ്രൈവർ കം കണ്ടക്ടർമാർ, 345 കണ്ടക്ടർമാർ എന്നിവരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആവശ്യത്തിന് ജീവനക്കാരെ ലഭിച്ചില്ലെങ്കിൽ ശബരിമല സ്പെഷൽ സർവീസുകളുടെ ക്രമീകരണത്തെ ഇത് ബാധിച്ചേക്കും.
അതേസമയം, മണ്ഡലപൂജ–മകരവിളക്ക് തീർഥാടനകാലത്തേക്ക് കെഎസ്ആർടിസി വിപുലമായ ഗതാഗത ക്രമീകരണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരക്കനുസരിച്ച് അധിക ബസുകൾ വിന്യസിക്കുന്നതിനും പമ്പ–നിലയ്ക്കൽ ചെയിൻ സർവീസുകൾ തടസ്സമില്ലാതെ നടത്തുന്നതിനുമാണ് പദ്ധതി. ജീവനക്കാരുടെ കുറവ് പരിഹരിച്ച് പ്രഖ്യാപിച്ച സർവീസുകൾ കൃത്യമായി നടത്താൻ കഴിയുമോയെന്നാണ് ഇനി അറിയേണ്ടത്.
Malayaladhwani.com The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


