സിജെപി പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ ഡൽഹിയിൽ ലാൽ ഹിറ്റ് ജനതാ പാർട്ടി രംഗത്ത്. അയൻ ഭട്നഗറിന്റെ നേതൃത്വത്തിൽ പുതിയ സംഘടനയുടെ ആദ്യ അംഗത്വ യോഗം ചേർന്നു.
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് ഡൽഹിയിൽ പുതിയ രാഷ്ട്രീയ കൂട്ടായ്മയായ ലാൽ ഹിറ്റ് ജനതാ പാർട്ടി രംഗത്ത്. പാർട്ടിയുടെ ആദ്യ അംഗത്വ യോഗം ഞായറാഴ്ച ഡൽഹിയിലെ മാളവ്യ സ്മൃതി ഭവനിൽ ചേർന്നു. അയൻ ഭട്നഗറിന്റെ നേതൃത്വത്തിലാണ് പുതിയ സംഘടന പ്രവർത്തനം ആരംഭിച്ചത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെയാണ് ലാൽ ഹിറ്റ് ജനതാ പാർട്ടിയുടെ നീക്കം. പ്രതിഷേധങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും ഡൽഹിയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സംഘടനാ നേതാക്കൾ ആരോപിച്ചു.
സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്കപ്പുറം ജനങ്ങളെ നേരിട്ട് അണിനിരത്തി പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാണ് പുതിയ സംഘടനയുടെ ലക്ഷ്യമെന്ന് അയൻ ഭട്നഗർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്താൽ വലിയ ജനക്കൂട്ടത്തെ തെരുവിലിറക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
വിജയദശമി മുതൽ ദീപാവലി വരെയുള്ള കാലയളവ് വ്യാപാരികൾക്ക് പ്രധാനമാണെന്നും കൊണാട്ട് പ്ലേസ് പോലുള്ള വാണിജ്യ കേന്ദ്രങ്ങളിലെ പ്രതിഷേധങ്ങൾ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പതിനായിരം പേർ ഒത്തുകൂടിയതുകൊണ്ടുമാത്രം ഒരു സംഘടനയുടെ ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഭട്നഗർ കൂട്ടിച്ചേർത്തു.
അതേസമയം, തിരഞ്ഞെടുപ്പ് വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചാണ് സിജെപി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നത്. ഈ പ്രതിഷേധങ്ങൾക്ക് മറുപടിയായി രൂപീകരിച്ച ലാൽ ഹിറ്റ് ജനതാ പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നതല്ല, സിജെപിയുടെ പ്രചാരണങ്ങളെ പ്രതിരോധിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


