Wednesday, October 21, 2026
HomeQatarഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തി

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തി

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ലുസൈൽ പാലസിൽ ഔദ്യോഗിക വിരുന്നൊരുക്കി ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. സാങ്കേതികവിദ്യ, ഊർജം, വ്യവസായം, നിക്ഷേപം മേഖലകളിലെ സഹകരണത്തിന് ഊന്നൽ.

ഖത്തറും ഫ്രാൻസും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനും ലക്ഷ്യമിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഖത്തർ സന്ദർശനം. സന്ദർശനത്തോടനുബന്ധിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, ഫ്രഞ്ച് പ്രസിഡന്റിനും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തിനും ലുസൈൽ പാലസിൽ ഔദ്യോഗിക അത്താഴവിരുന്ന് നൽകി.

വിരുന്നിൽ സംസാരിച്ച അമീർ, ഫ്രഞ്ച് പ്രസിഡന്റിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ആഴവും വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഈ സന്ദർശനത്തിനുള്ള പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. പരസ്പര സൗഹാർദവും ധാരണയും നിറഞ്ഞ അന്തരീക്ഷത്തിലാണ് സന്ദർശനം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പരസ്പര ബഹുമാനത്തിലും പൊതുവായ മൂല്യങ്ങളിലും അധിഷ്ഠിതമായ ഖത്തർ–ഫ്രാൻസ് പങ്കാളിത്തം ഇനിയും വളരുമെന്ന് അമീർ പ്രത്യാശ പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അന്താരാഷ്ട്ര സ്ഥിരത, സുരക്ഷ, സമാധാനം എന്നിവയ്ക്കും ഈ സഹകരണം സംഭാവന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തർ അമീറിനോടുള്ള നന്ദി അറിയിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെയും കാഴ്ചപ്പാടുകളിലെ ഏകോപനത്തെയും പ്രശംസിച്ചു. ഉന്നതതലത്തിലുള്ള പതിവ് കൂടിക്കാഴ്ചകൾ ഇരുരാജ്യങ്ങൾക്കുമിടയിലെ സജീവമായ നയതന്ത്ര ഏകോപനത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക പങ്കാളിത്തത്തിനും പരസ്പര നിക്ഷേപങ്ങൾക്കും മാക്രോൺ പ്രത്യേക പ്രാധാന്യം നൽകി. സാങ്കേതികവിദ്യ, ഊർജം, വ്യവസായം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. ഭാവിയിലെ പ്രധാന മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ‘വൺ പ്ലാനറ്റ്’ സോവറിൻ വെൽത്ത് ഫണ്ട്സ് സംരംഭത്തിനുള്ളിൽ തുടർന്നും പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയും ഫ്രഞ്ച് പ്രസിഡന്റ് ആവർത്തിച്ചു.

വിരുന്നിൽ ഖത്തർ അമീറിന്റെ പത്നി ശൈഖ ജവാഹർ ബിൻത് ഹമദ് ബിൻ സുഹൈം അൽതാനി പങ്കെടുത്തു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് അൽതാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ അൽതാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽതാനി, ശൈഖ് ജാസിം ബിൻ ഖലീഫ അൽതാനി എന്നിവരും സന്നിഹിതരായിരുന്നു.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനം എന്നിവർക്കൊപ്പം രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, പ്രമുഖ വ്യക്തികൾ, വ്യവസായ രംഗത്തെ നേതാക്കൾ എന്നിവരും വിരുന്നിൽ പങ്കെടുത്തു. (QNA)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments