ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ എക്സ് പോസ്റ്റുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് വക്കീൽ നോട്ടീസ്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി നോട്ടീസ് അയച്ചത്. ആവശ്യം പാലിച്ചില്ലെങ്കിൽ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കോൺഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച വിവാദ പോസ്റ്റിന്റെ പശ്ചാത്തലത്തിലാണ് നടപടി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലേക്ക് ഇന്ത്യാ മുന്നണി നടത്തിയ മാർച്ചിനിടെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ടുള്ള പരാമർശങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്.
വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു. കെ.പി.സി.സി നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. പോസ്റ്റിന്റെ ഉത്തരവാദിയായ വ്യക്തിയെ ചുമതലകളിൽനിന്ന് നീക്കിയതായും അദ്ദേഹം അറിയിച്ചിരുന്നു.
വിവാദ പോസ്റ്റ് തയ്യാറാക്കിയത് ആരാണെന്നും പ്രസിദ്ധീകരിച്ചത് ആരാണെന്നും വ്യക്തമാക്കണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു. പോസ്റ്റിന്റെ പേരിൽ പരസ്യമായി ഖേദപ്രകടനം നടത്താത്തത് എന്തുകൊണ്ടാണെന്നും നോട്ടീസിൽ ചോദിക്കുന്നുണ്ട്. വിഷയത്തിൽ കെ.പി.സി.സിക്ക് നേരത്തെയും സുപ്രീം കോടതിയുടെ നോട്ടീസ് ലഭിച്ചിരുന്നു.


