കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗം മൗലികാവകാശമാണെന്ന് സുപ്രീംകോടതി. പ്രായത്തിന്റെ പേരിൽ സമ്പൂർണ വിലക്ക് വേണ്ടെന്നും ഓൺലൈൻ സുരക്ഷയ്ക്ക് ശക്തമായ സംവിധാനങ്ങൾ വേണമെന്നും കോടതി വ്യക്തമാക്കി
കുട്ടികളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുപകരം അപകടകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുകയും ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന സുപ്രധാന സന്ദേശമാണ് സുപ്രീംകോടതിയുടെ ഉത്തരവിലുള്ളത്
ന്യൂഡൽഹി: ഇന്റർനെറ്റ് ഉപയോഗിക്കാനും അതിലേക്ക് പ്രവേശിക്കാനും കുട്ടികൾക്കും മൗലികാവകാശമുണ്ടെന്ന് സുപ്രീംകോടതി. കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽനിന്ന് സംരക്ഷിക്കണമെന്ന പേരിൽ ഇന്റർനെറ്റ് ഉപയോഗം പൂർണമായി വിലക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദം 21, അനുച്ഛേദം 19(1)(a) എന്നിവയുടെ അടിസ്ഥാനത്തിലാണ് കോടതി നിരീക്ഷണം.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഒക്ടോബർ 15-ന് പുറപ്പെടുവിച്ച ഉത്തരവിലാണ് സുപ്രധാന നിരീക്ഷണങ്ങളുള്ളത്. കുട്ടികളുടെ ഓൺലൈൻ സുരക്ഷയും അവരുടെ സ്വാതന്ത്ര്യവും പരസ്പരവിരുദ്ധമല്ലെന്നും രണ്ടും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രായത്തിന്റെ പേരിൽ കുട്ടികൾക്ക് ഇന്റർനെറ്റ് പ്രവേശനം പൂർണമായി നിഷേധിക്കുന്നത് അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെയും വിവരങ്ങൾ അറിയാനുള്ള അവകാശത്തെയും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള എല്ലാ നടപടികളെയും കോടതി തള്ളിയിട്ടില്ല. പകരം, പ്രായത്തിന് അനുയോജ്യമായ സുരക്ഷാ സംവിധാനങ്ങളും രക്ഷിതാക്കളുടെ മേൽനോട്ടവും ഉറപ്പാക്കണമെന്നാണ് നിർദേശം. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യേക ‘ചൈൽഡ് മോഡ്’ ഏർപ്പെടുത്തുക, കുട്ടികളുടെ അക്കൗണ്ടുകൾ ഡിഫോൾട്ടായി സ്വകാര്യമായി ക്രമീകരിക്കുക, അപരിചിതരായ മുതിർന്നവരിൽനിന്നുള്ള സന്ദേശങ്ങളും സമ്പർക്കവും നിയന്ത്രിക്കുക തുടങ്ങിയ നിർദേശങ്ങളും കോടതി മുന്നോട്ടുവച്ചു. കുട്ടികൾക്ക് ഹാനികരമായ ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും സർക്കാരിന് നടപടിയെടുക്കാമെന്ന് കോടതി വ്യക്തമാക്കി.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ ദൃശ്യങ്ങളും മറ്റ് ഉള്ളടക്കങ്ങളും ഇന്റർനെറ്റിൽ പ്രചരിക്കുന്നത് തടയുന്നതിനുള്ള നടപടികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണങ്ങൾ. ഇത്തരം ഉള്ളടക്കങ്ങൾ തിരിച്ചറിയാനും നീക്കം ചെയ്യാനും സഹായിക്കുന്ന ഡിജിറ്റൽ തിരിച്ചറിയൽ വിവരങ്ങളുടെയും വെബ് വിലാസങ്ങളുടെയും ദേശീയ ഡാറ്റാബേസ് രൂപീകരിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തോട് കോടതി നിർദേശിച്ചു.
നിയമംകൊണ്ട് ഇന്റർനെറ്റ് ഉപയോഗം നിരോധിച്ചാലും കുട്ടികൾ അത് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നില്ലെന്നും പകരം നിയന്ത്രണമില്ലാത്തതും കൂടുതൽ അപകടസാധ്യതയുള്ളതുമായ പ്ലാറ്റ്ഫോമുകളിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ കുട്ടികളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുപകരം അപകടകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുകയും ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന സുപ്രധാന സന്ദേശമാണ് സുപ്രീംകോടതിയുടെ ഉത്തരവിലുള്ളത്.


