Monday, October 19, 2026
HomeTECHഗ്രീൻ കാർഡ് ടിസിഎസിന്റെ തൊഴിൽ തന്ത്രത്തിന്റെ ഭാഗമല്ല: അമേരിക്കയിൽ 15,000 പേരെ കൂടി നിയമിക്കാൻ കമ്പനി

ഗ്രീൻ കാർഡ് ടിസിഎസിന്റെ തൊഴിൽ തന്ത്രത്തിന്റെ ഭാഗമല്ല: അമേരിക്കയിൽ 15,000 പേരെ കൂടി നിയമിക്കാൻ കമ്പനി

“അമേരിക്കയിലെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ചത് ടിസിഎസിന്റെ തൊഴിൽ തന്ത്രത്തെ ബാധിക്കില്ലെന്ന് “സിഇഒ കെ. കൃതിവാസൻ. “അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യുഎസിൽ 15,000 പേരെക്കൂടി നിയമിക്കാൻ കമ്പനി ലക്ഷ്യമിടുന്നു”

അമേരിക്കയിലെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച നടപടി ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) തൊഴിൽ തന്ത്രത്തെ ബാധിക്കില്ലെന്ന് സിഇഒ കെ. കൃതിവാസൻ. എച്ച്-1ബി വിസയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായി സ്ഥിരതാമസാനുമതിക്ക് (ഗ്രീൻ കാർഡ്) അപേക്ഷിക്കുന്ന രീതി കമ്പനി ഗണ്യമായി കുറച്ചിട്ടുണ്ടെന്നും അമേരിക്കയിൽ പ്രാദേശിക നിയമനത്തിന് കൂടുതൽ പ്രാധാന്യം നൽകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയിലെ തൊഴിൽ വിപണിയിൽ പ്രാദേശിക ജീവനക്കാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിലാണ് ടിസിഎസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗ്രീൻ കാർഡ് നടപടികൾ നിർത്തിവച്ചതുകൊണ്ട് കമ്പനിയുടെ ജീവനക്കാരെ കൈകാര്യം ചെയ്യുന്ന രീതിയിലോ ഉപഭോക്താക്കൾക്കുള്ള സേവനങ്ങളിലോ അടിസ്ഥാനപരമായ മാറ്റമുണ്ടാകില്ലെന്നാണ് ടിസിഎസിന്റെ നിലപാട്.

ടിസിഎസിന്റെ അമേരിക്കൻ ജീവനക്കാരിൽ ഏകദേശം 50 ശതമാനം പേർ പ്രാദേശികമായി നിയമിക്കപ്പെട്ടവരാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അമേരിക്കയിൽ 15,000 പേരെക്കൂടി നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഗ്രീൻ കാർഡിനായി സമർപ്പിച്ച അപേക്ഷകളുടെ എണ്ണം ഒറ്റ അക്കത്തിലായിരുന്നുവെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയിൽ ക്ലയന്റുകളുടെ ആവശ്യാനുസരണം ഇന്ത്യൻ ജീവനക്കാരെ അയച്ച് രണ്ടോ മൂന്നോ വർഷം പദ്ധതികളിൽ പ്രവർത്തിപ്പിച്ചശേഷം തിരിച്ചുകൊണ്ടുവരുന്ന രീതിയാണ് ടിസിഎസ് പിന്തുടരുന്നതെന്ന് കൃതിവാസൻ വിശദീകരിച്ചു. ഓൺസൈറ്റ്, ഓഫ്‌ഷോർ പ്രവർത്തനങ്ങൾക്കിടയിൽ ജീവനക്കാരുടെ തുടർച്ചയായ നീക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ തൊഴിൽ വകുപ്പ് ഒക്ടോബർ എട്ടിനാണ് ടിസിഎസ് ഉൾപ്പെടെ എട്ട് പ്രമുഖ സാങ്കേതിക കമ്പനികളുടെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നടപടികൾ മരവിപ്പിച്ചത്. വിദേശ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ദുരുപയോഗങ്ങൾ തടയുകയും അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുകയും ചെയ്യുകയാണ് നടപടിയുടെ ലക്ഷ്യമെന്നാണ് യുഎസ് ഭരണകൂടം വിശദീകരിച്ചത്.

Malayaladhwani.com
The Global Voice of Kerala
മലയാളത്തിന്റെ ശബ്ദംലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments