Sunday, November 29, 2026
HomeKERALAവീണാ ജോർജിനെ ആക്രമിച്ചിട്ടില്ല; അടുത്തുപോലും എത്തിയില്ല; കെ.എസ്.യു പ്രവർത്തകർക്കെതിരെ ക്രിമിനൽ നടപടിക്ക് ശുപാർശയില്ലെന്ന് എസ്.ഐ.ടി റിപ്പോർട്ട്

വീണാ ജോർജിനെ ആക്രമിച്ചിട്ടില്ല; അടുത്തുപോലും എത്തിയില്ല; കെ.എസ്.യു പ്രവർത്തകർക്കെതിരെ ക്രിമിനൽ നടപടിക്ക് ശുപാർശയില്ലെന്ന് എസ്.ഐ.ടി റിപ്പോർട്ട്

 

വീണാ ജോർജിനെതിരായ ആക്രമണക്കേസിൽ കെ.എസ്.യു പ്രവർത്തകർക്ക് ആശ്വാസമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) റിപ്പോർട്ട്. വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്നും അവർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്നുമാണ് എസ്.ഐ.ടി റിപ്പോർട്ടിലെ കണ്ടെത്തലെന്നാണ് വിവരം. സംഭവത്തിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ ശുപാർശയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചതായും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസും കെ.എസ്.യു പ്രവർത്തകരും തമ്മിലുണ്ടായ ഉന്തും തള്ളുമാണ് സംഭവത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. അന്ന് ആരോഗ്യമന്ത്രിയായിരുന്ന വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നു. ഇവർക്ക് 16 ദിവസത്തോളം റിമാൻഡിൽ കഴിയേണ്ടിവന്നു.

എന്നാൽ, അന്വേഷണത്തിനിടെ മന്ത്രിയുടെ ഗൺമാൻ എം.എസ്. അഭിലാഷ് നേരത്തെ നൽകിയ മൊഴി തിരുത്തി. കെ.എസ്.യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും മന്ത്രിയുടെ നിർദേശപ്രകാരമാണ് നേരത്തെ അത്തരമൊരു മൊഴി നൽകിയതെന്നും അദ്ദേഹം എസ്.ഐ.ടിക്ക് മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ.

ഗൺമാന്റെ മൊഴിമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചാണ് എസ്.ഐ.ടി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്. ഗൺമാനെതിരെയും ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും തുടർനടപടികൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഡിജിപിയാണ് തീരുമാനമെടുക്കേണ്ടത്.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments