Wednesday, September 2, 2026
HomeKERALAഅക്വാഫിറ്റ് പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം നടന്നു:ആദ്യഘട്ടത്തിൽ 14,000 വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകും: മന്ത്രി എൻ....

അക്വാഫിറ്റ് പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം നടന്നു:ആദ്യഘട്ടത്തിൽ 14,000 വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകും: മന്ത്രി എൻ. ഷംസുദ്ദീൻ

അക്വാഫിറ്റ് നീന്തൽ പരിശീലന പദ്ധതിയിലൂടെ ആദ്യ ഘട്ടത്തിൽ 14000 വിദ്യാർഥികൾക്ക് പരിശീലനം നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ‘അക്വാഫിറ്റ്’ നീന്തൽ പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോർജ് അക്വാട്ടിക് കോംപ്ലക്‌സിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.


കേരളം നദികളും പുഴകളും ജലാശയങ്ങളും ഏറെയുള്ള സംസ്ഥാനമായതിനാൽ നീന്തൽ അറിയുക എന്നത് കായികപരമായ കഴിവ് മാത്രമല്ല, ജീവൻരക്ഷാ നൈപുണ്യം കൂടിയാണെന്ന് മന്ത്രി പറഞ്ഞു. മികച്ച വ്യായാമമായ നീന്തൽ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിന്റെ സമഗ്ര ആരോഗ്യത്തിനും സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലുമായി 14,000 വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകുകയാണ് ലക്ഷ്യം. ഓരോ ജില്ലയിലും ആയിരം കുട്ടികൾക്ക് പരിശീലനം ലഭ്യമാക്കും.

സ്‌കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിലെ അനുയോജ്യമായ നീന്തൽക്കുളങ്ങളിൽ പരിശീലനം നൽകും. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
നീന്തൽ പരിശീലനത്തിലൂടെ അപകടങ്ങൾ കുറയ്ക്കുന്നതിനൊപ്പം മികച്ച നീന്തൽ താരങ്ങളെ വളർത്തിയെടുക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. നീന്തൽ അഭ്യസിച്ചവർ മറ്റുള്ളവരെയും പരിശീലിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിലൂടെ സമൂഹത്തിൽ ജലസുരക്ഷയെക്കുറിച്ചുള്ള അവബോധം കൂടുതൽ ശക്തിപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. സ്‌പോർട്‌സ്-യുവജനക്ഷേമ മന്ത്രി ഒ ജെ ജനീഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽകുമാർ സിംഗ്, കായിക-യുവജനകാര്യ ഡയറക്ടർ ഡോ. റെജിൻ എം സി, അഡീഷണൽ ഡയറക്ടർ ഡോ. സി എസ് പ്രദീപ്, ഒളിമ്പ്യൻ പി ആർ. ശ്രീജേഷ് എന്നിവർ ആശംസകൾ നേർന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഡി സജിത്ത് ബാബു സ്വാഗതവും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ സന്തോഷ് സി എ.നന്ദിയും രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments