Wednesday, September 2, 2026
HomeKERALAഉപനേതൃപദവി തർക്കം: പിണറായിയെ തള്ളി ബിനോയ് വിശ്വം; ‘പറയേണ്ടത് സിപിഎം സെക്രട്ടറിയും എൽഡിഎഫ് കൺവീനറും’

ഉപനേതൃപദവി തർക്കം: പിണറായിയെ തള്ളി ബിനോയ് വിശ്വം; ‘പറയേണ്ടത് സിപിഎം സെക്രട്ടറിയും എൽഡിഎഫ് കൺവീനറും’

പരസ്യമായ വാക്പോര് ഒഴിവാക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി.

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സിപിഎം–സിപിഐ തർക്കം മുന്നണിക്കുള്ളിൽ ചർച്ചയാകുന്നതിനിടെ, വിഷയത്തിൽ പരസ്യമായ വാക്പോര് ഒഴിവാക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. എൽഡിഎഫിനുള്ളിലെ വിഷയങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്യാതെ മുന്നണിക്കുള്ളിൽ തന്നെ പരിഹരിക്കണമെന്നാണ് ജോസ് കെ. മാണിയുടെ നിലപാട്.

പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിനോട് നേരിട്ട് പ്രതികരിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തയ്യാറായില്ല. പിണറായി വിജയനോട് തനിക്ക് മറുപടി പറയാനില്ലെന്നും, സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് പറയേണ്ടത് ആ പാർട്ടിയുടെ ജനറൽ സെക്രട്ടറിയോ സംസ്ഥാന സെക്രട്ടറിയോ ആണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇക്കാര്യത്തിൽ എൽഡിഎഫ് കൺവീനർ പറഞ്ഞതെല്ലാം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച വിഷയത്തിൽ എൽഡിഎഫ് കൺവീനറും ജോസ് കെ. മാണിയും പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വിഷയം മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നാണ് സിപിഐയുടെയും നിലപാട്. സിപിഐക്ക് ഉപനേതൃപദവി ലഭിക്കുമെന്നത് വെറും പ്രതീക്ഷയല്ലെന്നും രാഷ്ട്രീയ ബോധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എൽഡിഎഫിൽ അടിമയും ഉടമയും ഇല്ലെന്ന ശക്തമായ നിലപാടും ബിനോയ് വിശ്വം ആവർത്തിച്ചു. മുന്നണിയെ ദുർബലപ്പെടുത്തുന്നതോ ഇടതുപക്ഷ ഐക്യം തകർക്കുന്നതോ ആയ ഒരു വാക്കോ പ്രവൃത്തിയോ സിപിഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിനെ സ്വന്തം കുഞ്ഞിനെപ്പോലെ സിപിഐ ചേർത്തുപിടിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സിപിഐയും സിപിഎമ്മും തമ്മിലുള്ള തർക്കം പരസ്യമായതിൽ ഘടകകക്ഷികൾക്കിടയിലും അതൃപ്തി ഉയരുന്ന സാഹചര്യത്തിലാണ് ജോസ് കെ. മാണിയുടെ ഇടപെടൽ. വിഷയം പൊതുവേദിയിലെ വാദപ്രതിവാദങ്ങളിലേക്ക് നീട്ടാതെ എൽഡിഎഫിനുള്ളിൽ ചർച്ച ചെയ്ത് അടിയന്തരമായി പരിഹരിക്കണമെന്ന സന്ദേശമാണ് കേരള കോൺഗ്രസ് (എം) നേതൃത്വം നൽകുന്നത്.

ഇതിനിടെ, സിപിഐയുടെ ശക്തി തെളിയിക്കാൻ കണക്കുകൾ നിരത്തേണ്ടതില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ വലിയ പാർട്ടിയാകാൻ സിപിഎം ചെറുതാകണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ സിപിഐയുടെ രാഷ്ട്രീയ വ്യക്തിത്വവും നിലപാടും അടിയറവയ്ക്കില്ലെന്ന സൂചനയും അദ്ദേഹം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments