Tuesday, October 6, 2026
HomeKERALAഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർഥ്യത്തിലേക്ക്: രൂപരേഖ തയ്യാറാക്കാൻ വിദഗ്ദ്ധ സമിതി

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർഥ്യത്തിലേക്ക്: രൂപരേഖ തയ്യാറാക്കാൻ വിദഗ്ദ്ധ സമിതി

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ

സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കൺവീനറായിരിക്കും.

ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് വേഗം. പദ്ധതിയുടെ വിശദമായ രൂപരേഖ (DPR) തയ്യാറാക്കുന്നതിനായി സംസ്ഥാന സർക്കാർ സാങ്കേതിക വിദഗ്ദ്ധ സമിതിക്ക് രൂപം നൽകി.

സെപ്റ്റംബർ 24ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് സമിതി രൂപീകരിച്ചത്. പദ്ധതിയുടെ രൂപകൽപ്പന, സാമ്പത്തിക ഘടന, ഗുണഭോക്തൃ പരിരക്ഷ, ആശുപത്രികളുടെ പങ്കാളിത്തം, ക്ലെയിം നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ സമിതി വിശദമായി പരിശോധിക്കും.

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ. ധനകാര്യ, ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും സമിതിയിൽ അംഗങ്ങളായിരിക്കും. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കൺവീനറായിരിക്കും.

ഇൻഷുറൻസ് മേഖലയിലെ മൂന്ന് വിദഗ്ദ്ധരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഗിരീഷ് രാധാകൃഷ്ണൻ, മുൻ അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി ചെയർമാനും ഐ.ആർ.ഡി.എ.ഐ മുൻ നോൺ-ലൈഫ് അംഗവുമായ പി.ജെ. ജോസഫ്, നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ. സനത് കുമാർ എന്നിവരാണ് വിദഗ്ധ അംഗങ്ങൾ.

25 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ

2026-27ലെ സംസ്ഥാന ബജറ്റിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ പരിരക്ഷ നൽകുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയിരുന്നു.

പദ്ധതിയുടെ അന്തിമ രൂപം എങ്ങനെയായിരിക്കണം എന്നതിലാണ് ഇനി വിദഗ്ധ സമിതി പ്രധാനമായും ശുപാർശ നൽകുക. ഗുണഭോക്താക്കളുടെ യോഗ്യത, കുടുംബത്തിന്റെ നിർവചനം, ചികിത്സാ ആനുകൂല്യങ്ങളുടെ പരിധി, സാമ്പത്തിക പരിരക്ഷ, നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുമായുള്ള ഏകീകരണം എന്നിവ പരിശോധിക്കും.

സർക്കാർ ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കും പദ്ധതിയിൽ നൽകേണ്ട പങ്ക്, ആശുപത്രി എംപാനൽമെന്റ്, കാഷ്‌ലെസ് ചികിത്സ, ക്ലെയിം മാനേജ്മെന്റ്, ചികിത്സയുടെ ഗുണനിലവാര നിയന്ത്രണം, പരാതിപരിഹാര സംവിധാനം തുടങ്ങിയവയും സമിതിയുടെ പരിഗണനയിലുണ്ടാകും.

സാമ്പത്തിക ഘടനയും ഐ.ടി. സംവിധാനവും

പദ്ധതിക്കാവശ്യമായ സാമ്പത്തിക വിഭവങ്ങൾ കണ്ടെത്തുന്നത്, ചെലവ് കണക്കാക്കൽ, റിസ്ക് പങ്കിടൽ, ചെലവ് നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിലും സമിതി നിർദേശങ്ങൾ നൽകും. സർക്കാർ ഫണ്ട്, ഇൻഷുറൻസ് മാതൃക, അല്ലെങ്കിൽ ഇവയുടെ സംയോജിതമായ ഹൈബ്രിഡ് മാതൃക എന്നിവയിൽ ഏതാണ് അനുയോജ്യമെന്ന് സമിതി പരിശോധിക്കും.

ഗുണഭോക്തൃ രജിസ്ട്രേഷൻ, ആശുപത്രി ഇടപാടുകൾ, ക്ലെയിം പ്രോസസിങ്, തട്ടിപ്പ് നിയന്ത്രണം, വിവിധ സർക്കാർ സംവിധാനങ്ങളുമായുള്ള ഏകീകരണം, ഗുണഭോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ എന്നിവയ്ക്കാവശ്യമായ ഡിജിറ്റൽ സംവിധാനവും രൂപരേഖയിൽ ഉൾപ്പെടുത്തും.

നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ്, പൊതുജനാരോഗ്യ പദ്ധതികളുമായി പുതിയ പദ്ധതിയെ എങ്ങനെ ഏകോപിപ്പിക്കാമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യ ഇൻഷുറൻസ് മാതൃകകളിൽ നിന്ന് സ്വീകരിക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നും സമിതി പരിശോധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments