സിയാറ്റിൽ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലെ വൻ നിക്ഷേപങ്ങളും ക്ലൗഡ് ബിസിനസിലെ റെക്കോർഡ് വളർച്ചയും കരുത്താക്കി ആമസോൺ ആദ്യമായി 3 ട്രില്യൺ ഡോളർ വിപണി മൂല്യം (മാർക്കറ്റ് ക്യാപിറ്റലൈസേഷൻ) പിന്നിട്ടു. തിങ്കളാഴ്ച ഓഹരി വിപണിയിൽ കമ്പനിയുടെ ഓഹരികൾ കുതിച്ചുയർന്നതോടെയാണ് ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനികളുടെ നിരയിൽ ആമസോൺ പുതിയ നാഴികക്കല്ല് പിന്നിട്ടത്.
തിങ്കളാഴ്ച വ്യാപാരത്തിനിടെ ആമസോണിന്റെ ഓഹരി വില 5.5 ശതമാനം ഉയർന്ന് 286.20 ഡോളറിലെത്തി, ഇത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇതോടെ ഈ വർഷം മാത്രം കമ്പനിയുടെ ഓഹരി മൂല്യം 23 ശതമാനത്തിലേറെ വർധിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട ത്രൈമാസ സാമ്പത്തിക ഫലങ്ങൾക്ക് പിന്നാലെ ഓഹരികൾ ഒറ്റദിവസം 15 ശതമാനം വരെ കുതിച്ചുയർന്നിരുന്നു.
കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ക്ലൗഡ് സേവന വളർച്ചയാണ് ആമസോൺ രേഖപ്പെടുത്തിയത്. അതിനൊപ്പം വാർഷിക മൂലധന ചെലവ് (Capital Expenditure) വർധിപ്പിക്കുമെന്ന പ്രഖ്യാപനവും നിക്ഷേപകരിൽ വലിയ ആത്മവിശ്വാസം സൃഷ്ടിച്ചു. എഐ സേവനങ്ങളുടെ വ്യാപനം മൂലം ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലയിൽ വരുംകാലത്ത് കൂടുതൽ വളർച്ച ഉണ്ടാകുമെന്ന പ്രതീക്ഷയും വിപണിയിൽ ശക്തമാണ്.
വാൾസ്ട്രീറ്റിലെ പ്രമുഖ ടെക് കമ്പനികളായ “മാഗ്നിഫിസന്റ് സെവൻ” ഗ്രൂപ്പിൽ ഇതുവരെ സാമ്പത്തിക ഫലങ്ങൾ പുറത്തുവിട്ടവയിൽ, എഐ നിക്ഷേപങ്ങൾ വ്യക്തമായ വരുമാന വളർച്ചയിലേക്ക് മാറുന്നുവെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞത് ആമസോണിനും മൈക്രോസോഫ്റ്റിനുമാണെന്നാണ് വിപണി വിലയിരുത്തൽ. മറുവശത്ത്, ടെസ്ല, ആൽഫബെറ്റ്, മെറ്റ തുടങ്ങിയ കമ്പനികൾക്ക് വൻ എഐ ചെലവുകൾ സ്വതന്ത്ര പണമൊഴുക്കിനെ (ഫ്രീ കാഷ് ഫ്ലോ) ബാധിച്ചതിനെ തുടർന്ന് നിക്ഷേപകരുടെ വിമർശനം നേരിടേണ്ടിവന്നു.
എഐ അടിസ്ഥാനസൗകര്യ വികസനത്തിനായി ആമസോൺ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബില്യൺ കണക്കിന് ഡോളറാണ് ചെലവഴിക്കുന്നത്. ഈ വർഷം ഏപ്രിലിൽ എഐ കമ്പനിയായ ആന്ത്രോപിക്കിൽ പുതിയ നിക്ഷേപം പ്രഖ്യാപിച്ച കമ്പനി, നേരത്തെ ഓപ്പൺഎഐയിൽ 50 ബില്യൺ ഡോളർ വരെ നിക്ഷേപിക്കുമെന്ന പദ്ധതിയും വെളിപ്പെടുത്തിയിരുന്നു. എഐ മേഖലയിൽ ദീർഘകാല ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ നിക്ഷേപങ്ങൾ.
1994-ൽ ജെഫ് ബെസോസ് സ്ഥാപിച്ച ആമസോൺ 2024 ജൂണിലാണ് ആദ്യമായി 2 ട്രില്യൺ ഡോളർ വിപണി മൂല്യം പിന്നിട്ടത്. വെറും രണ്ട് വർഷത്തിനുള്ളിൽ മറ്റൊരു ട്രില്യൺ ഡോളർ കൂടി ചേർത്ത് 3 ട്രില്യൺ ഡോളർ ക്ലബ്ബിൽ ഇടംപിടിച്ചതോടെ കമ്പനിയുടെ വളർച്ച വീണ്ടും ശ്രദ്ധാകേന്ദ്രമായി.
3 ട്രില്യൺ ഡോളർ വിപണി മൂല്യം കൈവരിച്ച കമ്പനികളുടെ പട്ടികയിൽ ആപ്പിൾ, മൈക്രോസോഫ്റ്റ്, ആൽഫബെറ്റ്, എൻവിഡിയ എന്നിവയ്ക്കൊപ്പമാണ് ഇനി ആമസോണിന്റെയും പേര്. നിലവിൽ ഏകദേശം 5 ട്രില്യൺ ഡോളർ വിപണി മൂല്യവുമായി എൻവിഡിയയാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി.



