“ഞാൻ ഒരു 24 മണിക്കൂർ കോൺഗ്രസ് പ്രവർത്തകനാണ്. നിലവിൽ മറ്റ് ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ ഒന്നും തന്നെ എനിക്കില്ല. അതുകൊണ്ട് പാർട്ടിക്കായി പൂർണ സമയം മാറ്റിവെക്കാൻ എനിക്ക് സാധിക്കും. നേത്യത്വത്തിന് അനുയോജ്യമെന്ന് തോന്നുകയാണെങ്കിൽ പദവി ഏറ്റെടുക്കാൻ ഞാൻ സന്നദ്ധനാണ് ജോസഫ് വാഴക്കൻ വ്യക്തമാക്കി ”
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള സാധ്യതകൾ സജീവമായിരിക്കെ മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ ദില്ലിയിലെത്തി. പാർട്ടി ഹൈക്കമാൻഡുമായി അദ്ദേഹം നിർണായക കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. സംസ്ഥാന കോൺഗ്രസിലെ സംഘടനാ പുനഃസംഘടനയും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് വാഴക്കന്റെ ദില്ലി സന്ദർശനം ശ്രദ്ധേയമാകുന്നത്.
സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങൾ, പാർട്ടിയുടെ ഭാവി സംഘടനാ പ്രവർത്തനങ്ങൾ, നേതൃത്വമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായതായി സൂചനയുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വിവിധ നേതാക്കളുടെ പേരുകൾ പരിഗണനയിലിരിക്കെ ജോസഫ് വാഴക്കനും തന്റെ അവകാശവാദം ശക്തമായി ഉന്നയിച്ചതായാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള വിവരം.അതേസമയം, പുതിയ അധ്യക്ഷനെ സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡ് ഉടൻ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. നേതൃനിരയിൽ ഏകോപനവും സംഘടനാ ശക്തിപ്പെടുത്തലും ലക്ഷ്യമിട്ട് കോൺഗ്രസ് കേന്ദ്രനേതൃത്വം വിശദമായ കൂടിയാലോചനകൾ തുടരുകയാണ്.



