കേരളത്തിന്റെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും, അവയോട് അനുകൂല സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി കെ. മുരളീധരൻ
ന്യൂഡൽഹി: കേരളത്തിന് എയിംസ് (AIIMS) അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് സ്ഥാപനം യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും കേന്ദ്രം ഉറപ്പ് നൽകിയതായി അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും സംയോജിപ്പിച്ച് രൂപീകരിക്കുന്ന കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജിൽ അടുത്ത അധ്യയന വർഷം മുതൽ 100 എംബിബിഎസ് സീറ്റുകളിൽ പ്രവേശനം അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വലിയ മുന്നേറ്റമാകുന്ന തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് ട്രോമ കെയർ സെന്ററുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് ആവശ്യമായ സഹായവും കേന്ദ്ര സർക്കാർ ഉറപ്പുനൽകിയതായി മന്ത്രി അറിയിച്ചു. അപകടങ്ങളിലും അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യങ്ങളിലും മികച്ച ആരോഗ്യ സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കേരളത്തിന്റെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും, അവയോട് അനുകൂല സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും കെ. മുരളീധരൻ പറഞ്ഞു. എയിംസ്, പുതിയ മെഡിക്കൽ കോളജ്, ട്രോമ കെയർ ശൃംഖല എന്നിവ യാഥാർഥ്യമായാൽ സംസ്ഥാനത്തിന്റെ ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തൽ.



