തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിനും ഭാവിയിലെ വെള്ളപ്പൊക്ക സാധ്യതകൾ പരമാവധി കുറയ്ക്കുന്നതിനുമായി കേരളത്തിൽ സമഗ്രവും ശാസ്ത്രീയവുമായ പ്രളയ പ്രതിരോധ സംവിധാനം ഒരുക്കാൻ സർക്കാർ. ഇതിന്റെ ഭാഗമായി ‘കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ നടപ്പാക്കുന്നതിനുള്ള സമഗ്ര രൂപരേഖ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.
ഐഐടി റൂർക്കി, ഐഐടി പാലക്കാട്, ഐഐഐടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധർ ഉൾപ്പെട്ട സംഘമാണ് മികച്ച പ്രളയ പ്രതിരോധ സംവിധാനത്തിനായുള്ള രൂപരേഖ തയ്യാറാക്കി മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചത്. പ്രളയമുണ്ടായശേഷമുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് മാത്രമായി പരിമിതപ്പെടാതെ, വെള്ളപ്പൊക്ക സാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന രീതിയിലേക്ക് സംസ്ഥാനത്തെ ദുരന്തനിവാരണ സംവിധാനം മാറ്റുകയാണ് ലക്ഷ്യം.
പ്രളയ സാധ്യതയുള്ള മേഖലകളുടെ ശാസ്ത്രീയ മാപ്പിങ്, മഴയും നദികളിലെ ജലനിരപ്പും നിരീക്ഷിക്കൽ, നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനം, വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടാതെയുള്ള വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് പുതിയ സംവിധാനത്തിൽ പ്രാധാന്യം നൽകും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി അതിതീവ്ര മഴയും വെള്ളപ്പൊക്കവും വർധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള സംവിധാനങ്ങളെ കൂടുതൽ ആധുനികമാക്കേണ്ടതിന്റെ ആവശ്യകതയാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. പ്രളയസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തുന്നതിനും ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതിനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനും ശാസ്ത്രീയ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള സംവിധാനം സഹായകരമാകും.
നദികൾ, തോടുകൾ, നീർച്ചാലുകൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയ ജലസംവിധാനങ്ങളുടെ സംരക്ഷണത്തിനും പ്രത്യേക പരിഗണന നൽകും. നഗരവൽക്കരണവും അനിയന്ത്രിത നിർമാണവും മൂലം ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായി പരിഗണിക്കും.
ഡാറ്റ അധിഷ്ഠിതമായ പ്രളയ പ്രവചനം പദ്ധതിയുടെ പ്രധാന ഘടകങ്ങളിലൊന്നായിരിക്കും. കാലാവസ്ഥാ വിവരങ്ങൾ, മഴയുടെ തോത്, നദികളിലെ ജലനിരപ്പ്, ഭൂമിശാസ്ത്രപരമായ വിവരങ്ങൾ തുടങ്ങിയവ ഏകോപിപ്പിച്ച് പ്രളയസാധ്യത മുൻകൂട്ടി വിലയിരുത്തുന്നതിനുള്ള സംവിധാനമാണ് ലക്ഷ്യമിടുന്നത്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നേരത്തേ മുന്നറിയിപ്പ് നൽകാനും രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കാനും ഇതിലൂടെ കഴിയും.
പ്രളയ പ്രതിരോധം സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ദുരന്തസാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് അവിടുത്തെ വീടുകൾ, റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ നിർണായക അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതും പ്രധാന പരിഗണനയാകും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് വിദഗ്ധ സംഘം സമഗ്ര രൂപരേഖ അവതരിപ്പിച്ചത്. റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ, പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ജലവിഭവ മന്ത്രി മോൻസ് ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പ്രളയ പ്രതിരോധത്തെ ദീർഘകാല കാലാവസ്ഥാ പ്രതിരോധ പദ്ധതിയുമായി ബന്ധിപ്പിച്ച് കേരളത്തിന്റെ ദുരന്തനിവാരണ ശേഷി ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ‘പ്രളയം വന്നശേഷം പ്രതികരിക്കുക’ എന്ന രീതിയിൽ നിന്ന് ‘പ്രളയസാധ്യത മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കുക’ എന്ന സമീപനത്തിലേക്കുള്ള മാറ്റത്തിനാണ് പുതിയ സംരംഭം വഴിയൊരുക്കുന്നത്



