അച്ഛനെയും ഭർത്താവിനെയും നഷ്ടപ്പെട്ട എസ്. രേഷ്മ ഇപ്പോൾ മകൻ ഗൗതം കൃഷ്ണയെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ്
കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിൽ പതിമൂന്നാം ദിവസവും ഊർജിതമായി തുടരുന്നു. തെരച്ചിലിന്റെ ഭാഗമായി കോസ്റ്റ് ഗാർഡ് രണ്ട് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ഇന്ന് കടലിൽ വ്യാപക പരിശോധന നടത്തി. കൊച്ചിയിൽ നിന്ന് എത്തിയ ഹെലികോപ്റ്ററുകളാണ് ദൗത്യത്തിൽ പങ്കെടുത്തത്.
രാവിലെ 11.30ഓടെയാണ് കോസ്റ്റ് ഗാർഡിന്റെ രണ്ട് ഹെലികോപ്റ്ററുകൾ കൊല്ലത്തെത്തിയത്. കടൽ നിരീക്ഷണത്തിനും രക്ഷാപ്രവർത്തനത്തിനുമായി ഉപയോഗിക്കുന്ന ധ്രുവ് ഹെലികോപ്റ്റർ ആദ്യം തെരച്ചിൽ നടത്തി. പിന്നാലെ കടലിലെ രക്ഷാപ്രവർത്തനം, നിരീക്ഷണം, മെഡിക്കൽ എവാക്വേഷൻ തുടങ്ങിയ ദൗത്യങ്ങൾക്ക് ഉപയോഗിക്കുന്ന ചേതക് ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററും തെരച്ചിലിൽ പങ്കെടുത്തു.
അമൃതപുരി എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ ഒരുക്കിയ ഹെലിപ്പാഡിൽ ഇന്ധനം നിറച്ച ശേഷമാണ് ഹെലികോപ്റ്ററുകൾ വീണ്ടും കടലിലേക്ക് പറന്നത്. ഗൗതം കൃഷ്ണയെ കണ്ടെത്തുന്നതിനായി കടലിലും തീരപ്രദേശങ്ങളിലും വിവിധ സംഘങ്ങളുടെ പരിശോധന തുടരുകയാണ്.
നീണ്ടകര വള്ളം ദുരന്തത്തിൽ ഗൗതം കൃഷ്ണയുടെ അച്ഛൻ രാധാകൃഷ്ണനും മുത്തച്ഛൻ യു. രാജീവനും മരിച്ചിരുന്നു. അച്ഛനെയും ഭർത്താവിനെയും നഷ്ടപ്പെട്ട എസ്. രേഷ്മ ഇപ്പോൾ മകൻ ഗൗതം കൃഷ്ണയെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ്. ദിവസങ്ങൾ പിന്നിട്ടിട്ടും മകനെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തത് കുടുംബത്തിന്റെ ആശങ്ക വർധിപ്പിക്കുകയാണ്.
ഗൗതം കൃഷ്ണയെ കണ്ടെത്തുന്നതുവരെ തെരച്ചിൽ ശക്തമായി തുടരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കോസ്റ്റ് ഗാർഡിന്റെയും മറ്റ് രക്ഷാപ്രവർത്തക സംഘങ്ങളുടെയും നേതൃത്വത്തിൽ കൂടുതൽ മേഖലകളിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്.



