ദോഹ: ഗ്ലോബൽ റിഥം കൾച്ചറൽ ക്ലബ് ഖത്തർ (GRCC) സംഘടിപ്പിച്ച ഈദ് ഗാല നൈറ്റ് കലാവിരുന്നായി മാറി. പുതിയ ലോഗോയുടെ അവതരണത്തിനും സംഘടനയുടെ ഭാവി കാഴ്ചപ്പാടിനും നിറം പകരുന്ന ചടങ്ങിൽ സംഗീതം, നൃത്തം, ഫാഷൻ ഷോ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.
പാരഡൈസ് ദോഹയിൽ നടന്ന ആഘോഷത്തിൽ വിവിധ കലാപരിപാടികൾക്കൊപ്പം ഗ്ലോബൽ റൺവേ ഫാഷൻ ഡിസൈനർ ഷോയും ശ്രദ്ധേയമായി. ലൈറ്റുകളും ഗ്ലാമറും ആത്മവിശ്വാസവും നിറഞ്ഞ ഫാഷൻ അവതരണങ്ങൾ കാണികളുടെ കൈയടി നേടി. ജിആർസിസി പ്രസിഡന്റ് റോഷ്നി കൃഷ്ണന്റെ നേതൃത്വത്തിലും കൊറിയോഗ്രഫിയിലുമാണ് ഫാഷൻ ഷോ അവതരിപ്പിച്ചത്.ഐ സി സി വൈസ് പ്രസിഡണ്ട് സന്താനു ദേശ് പാണ്ഡെ മുഖ്യാതിഥിയായിരുന്നു.
ഐ സി ബി എഫ് വൈസ് അബ്ദുൾ സത്താർ, ഐ സി സി ജനറൽ സെക്രട്ടറി അബ്രഹാം കെ ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
നൃത്തവും സംഗീതപരിപാടികളും ആഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടിയപ്പോൾ, കുടുംബസമേതം എത്തിയ നിരവധി പേർ പരിപാടിയിൽ പങ്കുചേർന്നു. പുതിയ ലോഗോയുടെ അവതരണത്തിലൂടെ സംഘടനയുടെ ശക്തമായ പുതിയ തിരിച്ചറിയലും ഭാവി ദർശനവും പങ്കുവെച്ച ചടങ്ങ്, സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചു.സംഗീതവും നൃത്തവും ഫാഷനും ഒത്തുചേർന്ന ഈദ് ഗാല നൈറ്റ്, ജിആർസിസിയുടെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകർന്ന ഒരു ഷോസ്റ്റോപ്പർ ആഘോഷമായി മാറിയെന്ന് സംഘാടകർ അറിയിച്ചു.



