തിരുവനന്തപുരം: തിരുവോണ നാളിലും കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനം. നേരത്തെ നാല് ജില്ലകളിൽ മാത്രമുണ്ടായിരുന്ന യെല്ലോ അലർട്ട് ഇപ്പോൾ ആറ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓഗസ്റ്റ് 26ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
തിരുവോണ ദിനത്തിൽ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് നിലവിൽ സാധ്യത. അതേസമയം, ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
ഉത്രാട ദിനത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചതിന് പിന്നാലെയാണ് തിരുവോണ ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പിലും മാറ്റം വന്നത്. വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടി യെല്ലോ അലർട്ട് ഉൾപ്പെടുത്തിയതാണ് ഏറ്റവും പുതിയ മാറ്റം.
മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം.
ഓണാഘോഷങ്ങളും കുടുംബ സംഗമങ്ങളും വ്യാപകമായി നടക്കുന്ന തിരുവോണ ദിനത്തിൽ മഴ എത്തുന്നത് ആഘോഷങ്ങളുടെ നിറം കുറയ്ക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽ ഓഗസ്റ്റ് 27 മുതൽ സംസ്ഥാനത്തെ മഴയുടെ ശക്തി കുറയുമെന്നാണ് നിലവിലെ പ്രവചനം.



