പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നു
ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റ സാഹിൽ ലോചാബിനൊപ്പം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തുന്നത് .
ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെയാണ് സാഹിലിന് പെല്ലറ്റ് പരുക്കേറ്റതെന്നാണ് പരാതി. വലതുകണ്ണിന് ഗുരുതരമായി പരുക്കേറ്റ സാഹിലിന്റെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ശരീരത്തിൽ 200ലേറെ പെല്ലറ്റുകൾ പതിച്ചതായും ചികിത്സയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പെല്ലറ്റ് തോക്കുകളും ലാത്തികളും കണ്ണീർവാതകവും ഉപയോഗിച്ചെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ അതിക്രമം നടത്തിയവർക്കെതിരെ നിയമനടപടി വേണമെന്നും അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് സംഭവത്തിൽ ഉത്തരവാദിത്തം വ്യക്തമാക്കണമെന്നും രാഹുൽ കത്തയച്ചിരുന്നു.
പെല്ലറ്റ് തോക്കുകളുടെ ഉപയോഗം സംബന്ധിച്ച് ഡൽഹി പൊലീസ് നേരത്തെ നിഷേധാത്മക നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ പൊലീസ് രേഖകളിൽ ജൂലൈ 20ലെ പ്രതിഷേധത്തിനിടെ പെല്ലറ്റുകൾ ഉപയോഗിച്ചതായി സൂചനകളുണ്ടെന്ന റിപ്പോർട്ടുകൾ പിന്നീട് പുറത്തുവന്നു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെ ജനറൽ ഡയറി എൻട്രിയിൽ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പെല്ലറ്റ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഉള്ളതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
വിദ്യാർഥികളുടെ പ്രതിഷേധം വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകളും പരീക്ഷാ പേപ്പർ ചോർച്ചയും ഉയർത്തിക്കാട്ടിയായിരുന്നു. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടി വലിയ രാഷ്ട്രീയ വിവാദമായതോടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തുകയായിരുന്നു.
വിദ്യാർഥികൾക്കെതിരായ നടപടി സംബന്ധിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പരുക്കേറ്റവർക്ക് നീതി ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പെല്ലറ്റ് പ്രയോഗത്തിന് ആരാണ് അനുമതി നൽകിയതെന്നും സാധാരണ വേഷത്തിലെത്തിയവർ ആരാണെന്നും അവരെ വിന്യസിക്കാൻ ആരാണ് നിർദേശം നൽകിയതെന്നും അദ്ദേഹം നേരത്തെ കേന്ദ്രത്തോട് ചോദിച്ചിരുന്നു.
അതേസമയം, പൊലീസ് നടപടി സംബന്ധിച്ച് ബിജെപി രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തെ വിമർശിച്ചു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തുന്നത് നിയമനടപടികളെ രാഷ്ട്രീയവൽക്കരിക്കുന്നതാണെന്നാണ് ബിജെപിയുടെ ആരോപണം. രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പ്രതിഷേധം സംഭവത്തിൽ കേന്ദ്രസർക്കാരും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ കൂടുതൽ ശക്തമാക്കുന്നതാണ്.



