സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസമാണ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്
സെപ്റ്റംബർ 27 ഞായറാഴ്ച പൊതുമേഖലാ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും പ്രവർത്തിക്കും
ന്യൂഡൽഹി: രാജ്യവ്യാപക ബാങ്ക് പണിമുടക്ക് നടക്കാനിരിക്കെ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സെപ്റ്റംബർ മാസത്തെ ശമ്പളവും പെൻഷനും സെപ്റ്റംബർ 25ന് തന്നെ വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി.
സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസമാണ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ശമ്പളവും പെൻഷനും മുൻകൂറായി നൽകാനുള്ള തീരുമാനം.
കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (CGA) പുറത്തിറക്കിയ നിർദേശത്തിലാണ് മുൻകൂർ പേയ്മെന്റിന് അനുമതി നൽകിയത്. കേന്ദ്ര സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും കേന്ദ്ര സർക്കാർ പെൻഷൻകാരുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
സെപ്റ്റംബർ 27ന് ബാങ്കുകൾ തുറക്കും
പണിമുടക്കിന് മുമ്പ് ഉപഭോക്താക്കൾക്ക് ആവശ്യമായ ബാങ്കിങ് ഇടപാടുകൾ നടത്തുന്നതിനായി സെപ്റ്റംബർ 27 ഞായറാഴ്ച പൊതുമേഖലാ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും പ്രവർത്തിക്കും.
പണിമുടക്ക് ദിവസങ്ങളിൽ ബാങ്കുകളുടെ ശാഖാ പ്രവർത്തനങ്ങളെ ബാധിച്ചേക്കാമെങ്കിലും യുപിഐ, എടിഎം, മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമാകാൻ സാധ്യതയുണ്ട്.
അഞ്ച് ദിവസത്തെ ബാങ്കിങ് വാരം പ്രധാന ആവശ്യം
ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആണ് മൂന്ന് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബാങ്കിങ് മേഖലയിലെ ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിൽ അഞ്ച് ദിവസത്തെ ബാങ്കിങ് വാരം നടപ്പാക്കുക എന്നതും ഉൾപ്പെടുന്നു. ജീവനക്കാരുടെ മറ്റ് തൊഴിൽപരമായ ആവശ്യങ്ങളും സമരത്തിന്റെ ഭാഗമാണ്.
തുടർച്ചയായ മൂന്ന് ദിവസത്തെ പണിമുടക്കിനൊപ്പം സെപ്റ്റംബർ 30ലെ ബാങ്കിങ് അർധവാർഷിക ക്ലോസിങ് കൂടി വരുന്നതിനാൽ ബാങ്കിങ് ഇടപാടുകളിൽ തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്.


