കൊച്ചി: മീൻ വറുത്തതിന് ഉപ്പും രുചിയും കുറവാണെന്ന തർക്കത്തെ തുടർന്ന് ഹോട്ടൽ ഷെഫിനെ കത്തി കൊണ്ട് വെട്ടിപ്പരുക്കേൽപ്പിച്ചെന്ന പരാതിയിൽ ഹോട്ടൽ ഉടമയ്‌ക്കെതിരെ പൊലീസ് കേസ്. എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റിയിലെ ‘മീൻവിലാസം’ ഹോട്ടലിലാണ് സംഭവം. ഹോട്ടലിലെ ഷെഫും കൊല്ലം സ്വദേശിയുമായ റിയാസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
സംഭവത്തിൽ ഹോട്ടലിന്റെ നാല് ഉടമകളിൽ ഒരാളായ മലപ്പുറം സ്വദേശി മുഹമ്മദ് ഉവൈസിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തു. അനധികൃതമായി തടഞ്ഞുവെച്ച് മർദിക്കുകയും മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഹോട്ടലിലെത്തിയ മുഹമ്മദ് ഉവൈസ് ഭക്ഷണത്തിനായി ഫിഷ് ഫ്രൈ ഓർഡർ ചെയ്യുകയും ഷെഫായ റിയാസ് തയ്യാറാക്കിയ മീൻ വിളമ്പുകയും ചെയ്തു. ഭക്ഷണം കഴിച്ച ശേഷം മീനിന് ആവശ്യത്തിന് ഉപ്പും രുചിയും ഇല്ലെന്ന് ആരോപിച്ച് റിയാസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു.
ഹോട്ടലിലെ ഫ്രീസർ തകരാറിലായതിനാൽ മീനിന്റെ ഗുണനിലവാരം കുറഞ്ഞതാണെന്നും, പലതവണ ആവശ്യപ്പെട്ടിട്ടും ഫ്രീസർ നന്നാക്കാൻ ഉടമസ്ഥർ തയ്യാറായില്ലെന്നും റിയാസ് മറുപടി നൽകിയതായി പരാതിയിൽ പറയുന്നു. ഇതോടെ വാക്കേറ്റം രൂക്ഷമാവുകയും തുടർന്ന് മുഹമ്മദ് ഉവൈസ് റിയാസിനെ മർദിച്ചുവെന്നും ആരോപണമുണ്ട്.
റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്‌ഐആറിൽ, പിന്നാലെ ചെന്ന് ഷർട്ടിൽ പിടിച്ച് തള്ളിയശേഷം അടുക്കളയിലെ മേശപ്പുറത്തുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വെട്ടുകയും തുടർന്ന് തവി കൊണ്ട് മർദിക്കുകയും ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.
പരിക്കേറ്റ റിയാസ് ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ അങ്കമാലി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.



