വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് രണ്ട് വർഷം തികയുമ്പോൾ ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ ഓർമകളെ നെഞ്ചിലേറ്റി ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ, മത, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ഹൃദയഭൂമിയിൽ ഒത്തുകൂടി. ഒരൊറ്റ രാത്രിയിൽ നൂറുകണക്കിന് ജീവനുകൾ കവർന്നെടുത്ത ദുരന്തത്തിന്റെ വേദന വീണ്ടും പുതുക്കിയ ദിനമായിരുന്നു വ്യാഴാഴ്ച.
ഉരുള്‍പൊട്ടലിൽ മരണപ്പെട്ടവരെ സംസ്കരിച്ച പുത്തുമലയിലെ ഹൃദയഭൂമിയിൽ മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ പുഷ്പാർച്ചന, സർവമത പ്രാർഥന, അനുസ്മരണ സമ്മേളനം എന്നിവ നടന്നു. റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽകുമാറും കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖും അനുസ്മരണ സന്ദേശങ്ങൾ നൽകി. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ ഓർമകൾ എന്നും സമൂഹത്തിന്റെ മനസിലുണ്ടാകുമെന്നും ദുരിതബാധിതർക്കൊപ്പമുണ്ടാകുമെന്നുമാണ് ഇരുവരും ഉറപ്പുനൽകിയത്.
രാവിലെ മുതൽ തന്നെ പുത്തുമലയിലെ ഹൃദയഭൂമിയിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, രക്ഷാപ്രവർത്തകർ, ജനപ്രതിനിധികൾ, വിവിധ സംഘടനകളുടെ പ്രവർത്തകർ തുടങ്ങി നിരവധി പേർ പൂക്കളുമായി എത്തി ആദരാഞ്ജലി അർപ്പിച്ചു. ദുരന്തത്തിൽ കൂട്ടുകാരെ നഷ്ടപ്പെട്ട വിദ്യാർഥികളും കണ്ണീരോടെയാണ് ഓർമകളുറങ്ങുന്ന മണ്ണിലെത്തിയത്.
ഒരിക്കൽ ഒരുമിച്ച് ജീവിച്ചിരുന്ന ഒരു നാടിന്റെ മക്കൾ ഇന്ന് ഒരേ മണ്ണിൽ അന്തിയുറങ്ങുന്നുവെന്ന വേദന ഓരോരുത്തരുടെയും മുഖങ്ങളിൽ പ്രകടമായിരുന്നു. നിശബ്ദ പ്രാർഥനകൾക്കും കണ്ണീർപ്പൂക്കൾക്കും ഇടയിൽ ഹൃദയഭൂമി വീണ്ടും ദുഃഖത്തിന്റെ സാക്ഷിയായി. ദുരന്തത്തിന്റെ മുറിവുകൾ കാലം മായ്ച്ചിട്ടില്ലെന്നും ജീവൻ നഷ്ടമായവരുടെ ഓർമകൾ എന്നും നിലനിൽക്കുമെന്നും ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.
രണ്ടുവർഷം പിന്നിട്ടിട്ടും മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ ഓർമകൾ വയനാടിന്റെ മനസിൽ ഇന്നും മായാതെ തുടരുകയാണ്. ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് മുന്നിൽ നാട് ഒരിക്കൽ കൂടി ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് രണ്ടാം വാർഷിക അനുസ്മരണം സമാപിച്ചത്.



