അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ സംഭാവനകളിൽ ₹20,000 കോടി രൂപയുടെ വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇതിൽ പ്രമുഖരുടെ പങ്കുണ്ടെന്നും സമാജ്‌വാദി പാർട്ടി (എസ്.പി) ദേശീയ ജനറൽ സെക്രട്ടറി രാംഗോപാൽ യാദവ് ആരോപിച്ചു. പണം മാത്രമല്ല, സ്വർണം, വെള്ളി, വജ്രം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സമർപ്പണങ്ങളുടെ കണക്കുകളിലും ഗുരുതര ക്രമക്കേടുകൾ ഉണ്ടായെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
“ഭക്തർ കോടിക്കണക്കിന് രൂപയും സ്വർണവും വജ്രങ്ങളും സമർപ്പിച്ചു. എന്നാൽ അവയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ഇന്ന് ആർക്കും അറിയില്ല. ഇത് ₹20,000 കോടിയുടെ അഴിമതിയാണ്. ഇതിൽ വലിയ പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്,” എന്നാണ് രാംഗോപാൽ യാദവ് മാധ്യമങ്ങളോട് പറഞ്ഞത്.അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് മുമ്പ് രജിസ്റ്റർ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് എസ്.പി നേതാവിന്റെ പുതിയ ആരോപണം. വിഷയത്തിൽ ഇതിനകം തന്നെ രാഷ്ട്രീയ വിവാദം ശക്തമായിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെടുമ്പോൾ, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് മുൻപ് സംഭാവനകളിൽ ക്രമക്കേടുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ചിരുന്നു. നിലവിൽ വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, ₹20,000 കോടി തട്ടിപ്പ് നടന്നുവെന്ന എസ്.പി നേതാവിന്റെ ആരോപണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്.



