Wednesday, October 7, 2026
HomeKERALAവടകരയിൽ എംഡിഎംഎ കേസ് പ്രതിയായ അധ്യാപികയ്ക്ക് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തേറ്റു:പങ്കാളി വിനീഷ് പിടിയിൽ

വടകരയിൽ എംഡിഎംഎ കേസ് പ്രതിയായ അധ്യാപികയ്ക്ക് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തേറ്റു:പങ്കാളി വിനീഷ് പിടിയിൽ

വടകര: എംഡിഎംഎ ലഹരിക്കേസിലെ പ്രതിയായ അധ്യാപികയ്ക്ക് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തേറ്റു. പേരാമ്പ്ര ബി.ആർ.സി.യിലെ മുൻ സ്പെഷ്യൽ എജ്യുക്കേറ്ററും വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയുമായ കീർത്തനയ്ക്കാണ് കുത്തേറ്റത്. ഒപ്പം താമസിക്കുന്ന പങ്കാളി വിനീഷാണ് ആക്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കീർത്തനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസ് സ്റ്റേഷന് മുന്നിൽവെച്ചാണ് ആക്രമണം നടന്നത്. സംഭവത്തിന്റെ പശ്ചാത്തലവും ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്. വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഉപയോഗിച്ച ആയുധവും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായാണ് വിവരം.

വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായതിനെ തുടർന്ന് അടുത്തിടെ കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണം ഏതാണ്ട് പൂർത്തിയായ സാഹചര്യവും മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചായിരുന്നു ജാമ്യം. കർശന ഉപാധികളോടെയായിരുന്നു ജാമ്യം.

അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസ്

ജൂൺ 28ന് പുലർച്ചെ വടകര ഐസ് പ്ലാന്റ് റോഡിലെ റോളക്സ് ഓയിൽ ഇൻഡസ്ട്രീസിന് സമീപത്ത് നിന്ന് സഫ്വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസിന്റെ അന്വേഷണം അധ്യാപികമാരിലേക്കും വ്യാപിച്ചത്. ഒന്നാം പ്രതിയുടെ പക്കൽ നിന്ന് 2.108 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു.

തുടർന്നുള്ള അന്വേഷണത്തിലാണ് പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യൽ എജ്യുക്കേറ്റർമാരായ കീർത്തന, വി.പി. നീഷ്മ, ചെരുവാളൂർ സർക്കാർ എൽ.പി. സ്കൂളിലെ ഓട്ടിസം സെന്റർ അധ്യാപിക കെ. കാവ്യ, ഓൺലൈൻ ഡെലിവറി ഏജന്റായ ജിജിൽ കുര്യാക്കോസ് എന്നിവരുടെ അറസ്റ്റുണ്ടായത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഷിന്റോ ഷിബുവിനെയാണ് കേസിലെ പ്രധാന പ്രതിയായി പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം നീണ്ടിരുന്നു. അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ പ്രകാരം പ്രതികളായ അധ്യാപികമാരിൽനിന്ന് ജിജിൽ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നു. ആറുമാസത്തിനിടെ ഒരു കോടിയിലേറെ രൂപയുടെ ഇടപാടുകൾ അക്കൗണ്ടിലൂടെ നടന്നതായും അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

കേസിലെ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്ക്കും സെപ്റ്റംബർ 23ന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ കേസിലെ അന്വേഷണം നിയമപരമായ തുടർനടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് രണ്ടാം പ്രതിയായ കീർത്തനയ്ക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

കീർത്തനയെ ആക്രമിക്കാൻ കാരണമെന്ത്, ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലം എന്ത്, ആക്രമണത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷം പുറത്തുവരുമെന്നാണ് സൂചന.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments