മറ്റൊരു സംസ്ഥാനത്ത് വാഹനവുമായി 3 വർഷംവരെ; പുനഃരജിസ്ട്രേഷൻ ഒഴിവാക്കാൻ കേന്ദ്രത്തിന്റെ പുതിയ നിർദേശം
ന്യൂഡൽഹി: ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് പുനഃരജിസ്ട്രേഷൻ നടത്താതെ മൂന്ന് വർഷം വരെ ഉപയോഗിക്കാൻ അനുവദിക്കുന്നതിന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം കരട് ഭേദഗതി നിർദേശിച്ചു.
നിലവിൽ, ഒരു വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരു വർഷത്തിലധികം തുടരുന്ന സാഹചര്യത്തിൽ പുനഃരജിസ്ട്രേഷൻ നിർബന്ധമാണ്. ഈ കാലാവധി ഒരു വർഷത്തിൽ നിന്ന് മൂന്ന് വർഷമായി ഉയർത്തുക എന്നതാണ് പുതിയ നിർദേശം.സ്ഥലംമാറ്റം പതിവായ സർക്കാർ ജീവനക്കാർ, സ്വകാര്യ മേഖലയിലെ ട്രാൻസ്ഫർ ജോലിക്കാർ, കരാർ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് ഈ മാറ്റം ഏറ്റവും കൂടുതൽ ഗുണകരമാകുക. പുനഃരജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും സമയനഷ്ടവും കുറയ്ക്കുക എന്നതാണ് ലക്ഷ്യം.നിർദേശം നിലവിൽ കരട് ഘട്ടത്തിലാണ്. ആവശ്യമായ അംഗീകാരങ്ങളും ഔദ്യോഗിക വിജ്ഞാപനവും പുറത്തിറങ്ങിയ ശേഷമേ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരിക.



