ആലപ്പുഴ: സംഘടനാ ദൗർബല്യങ്ങളും തിരഞ്ഞെടുപ്പ് തിരിച്ചടികളും വിലയിരുത്തുന്നതിനായി സിപിഎമ്മിന്റെ ആദ്യ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ഇന്ന് ആലപ്പുഴയിൽ തുടക്കമാകും. സെപ്റ്റംബർ 26, 27 തീയതികളിൽ ഫോമിൽസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ 130 പ്രതിനിധികൾ പങ്കെടുക്കും.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, എളമരം കരീം, കെ. രാധാകൃഷ്ണൻ, ടി.എം. തോമസ് ഐസക്, സി.എസ്. സുജാത എന്നിവരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാൻ, സി.എൻ. മോഹനൻ, വി. ശിവൻകുട്ടി എന്നിവരും പങ്കെടുക്കും.
വിപുലീകൃത സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ യോഗത്തിൽ അവതരിപ്പിക്കും. തുടർന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിന്മേൽ വിശദമായ ചർച്ച നടക്കും. ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ ഏരിയ സെക്രട്ടറിമാരും ഏരിയ കമ്മിറ്റികളിലെ പ്രതിനിധികളും വർഗ-ബഹുജന സംഘടനകളുടെ ജില്ലാ ഭാരവാഹികളും പങ്കെടുക്കും.
ആലപ്പുഴയിലെ സംഘടനാ പ്രശ്നങ്ങൾ, കായംകുളം–കുട്ടനാട് മേഖലകളിലെ വിഭാഗീയത, മുതിർന്ന നേതാവ് ജി. സുധാകരൻ പാർട്ടി നേതൃത്വത്തിന് പുറത്തുപോയ സാഹചര്യങ്ങൾ എന്നിവയും ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ. ജില്ലാ നേതൃത്വത്തിലെ സംഘടനാ വീഴ്ചകളിലും യോഗത്തിൽ വിലയിരുത്തലുണ്ടാകുമെന്നാണ് സൂചന.
സംസ്ഥാനതലത്തിൽ പ്രഖ്യാപിച്ച തെറ്റുതിരുത്തൽ നടപടികൾ താഴെത്തട്ടിലേക്ക് എത്തിക്കുന്നതിന്റെ ആദ്യ ഘട്ടമായാണ് ആലപ്പുഴയിലെ യോഗം നടക്കുന്നത്. തുടർന്ന് സംഘടനാ പ്രശ്നങ്ങൾ നിലനിൽക്കുന്ന മറ്റു ജില്ലകളിലും വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരും


