കണ്ണൂരിൽ വീണ്ടും ഫുട്ബോൾ ആവേശം; കിരീടം നിലനിർത്താൻ കണ്ണൂർ വാരിയേഴ്സ് ഒരുങ്ങുന്നു: ക്ലബ്ബിന്റെ ഡയറക്ടർ കെ. എം. വർഗീസ് മലയാളധ്വനിയോട് “കഴിഞ്ഞ സീസണിലെ കിരീടനേട്ടം നിലനിർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ടീമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. ആരാധകരുടെ പിന്തുണ ടീമിന് വലിയ കരുത്താണ്.” കെ. എം. വർഗീസ്
കണ്ണൂർ: ഫുട്ബോൾ ആവേശത്തിലേക്ക് കണ്ണൂർ വീണ്ടും ഉണരുകയാണ്. സെപ്റ്റംബർ 25ന് ആരംഭിക്കുന്ന സൂപ്പർ ലീഗ് കേരള സീസൺ 3യുടെ ഉദ്ഘാടന മത്സരത്തിന് കണ്ണൂർ ജവഹർ സ്റ്റേഡിയം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്സിയും തൃശൂർ മാജിക് എഫ്സിയും തമ്മിലാണ് ഉദ്ഘാടന പോരാട്ടം.
സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നതായി കണ്ണൂർ വാരിയേഴ്സ് ക്ലബ്ബിന്റെ ഡയറക്ടറും ഖത്തറിലെ വ്യവസായിയുമായ കെ. എം. വർഗീസ് മലയാളധ്വനിയോട് പറഞ്ഞു. മത്സരങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിലെ പെയിന്റിങ്, ഗാലറി നവീകരണം, താൽക്കാലിക സംവിധാനങ്ങൾ എന്നിവയും പുരോഗമിക്കുകയാണ്.
ജേഴ്സിയുടെ പ്രധാന നിറങ്ങളായ ചുവപ്പും വെള്ളയും പ്രാധാന്യമാക്കിയാണ് ഗാലറികൾക്ക് നിറം നൽകുന്നത്
കണ്ണൂർ വാരിയേഴ്സിന്റെ ടീം നിറങ്ങളായ ചുവപ്പും വെള്ളയും മുൻനിർത്തിയാണ് സ്റ്റേഡിയത്തിലെ ഗാലറികൾക്ക് നിറം നൽകുന്നത്. മത്സരദിനത്തിൽ ആരാധകർക്ക് കൂടുതൽ ആവേശം പകരുന്ന രീതിയിലാണ് വേദിയുടെ ഒരുക്കങ്ങൾ.
താൽക്കാലിക ഫ്ലഡ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റീൽ ഡക്ക്റ്റുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. കാണികൾക്കായി താൽക്കാലിക ഗാലറികളും ഒരുക്കുന്നുണ്ട്. താരങ്ങൾക്കും ഒഫീഷ്യൽമാർക്കുമായി ഡ്രസ്സിങ് റൂം, മെഡിക്കൽ റൂം, മീഡിയ റൂം, ബ്രോഡ്കാസ്റ്റിങ് റൂം തുടങ്ങിയ സൗകര്യങ്ങളും സജ്ജമാക്കുന്നുണ്ട്.
ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിലെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
കിരീടം നിലനിർത്തുക എന്ന ലക്ഷ്യം
സൂപ്പർ ലീഗ് കേരളയുടെ കഴിഞ്ഞ സീസണിൽ കിരീടം സ്വന്തമാക്കിയ കണ്ണൂർ വാരിയേഴ്സിന് ഇത്തവണ മുന്നിലുള്ള പ്രധാന ലക്ഷ്യം ആ നേട്ടം ആവർത്തിക്കുകയെന്നതാണ്. ടീമിന്റെ ഇത്തവണത്തെ പ്രകടനത്തിലും ഒരുക്കങ്ങളിലും വലിയ പ്രതീക്ഷയുണ്ടെന്ന് കെ. എം. വർഗീസ് മലയാളധ്വനിയോട് പറഞ്ഞു.
ടീമിൽ ഇത്തവണ ചില മാറ്റങ്ങളോടെയാണ് വാരിയേഴ്സ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണിലെ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ശക്തമായ ടീമിനെ ഒരുക്കുന്നതിനാണ് മാനേജ്മെന്റ് ശ്രദ്ധ നൽകിയിരിക്കുന്നത്. കളിക്കളത്തിലെ പ്രകടനത്തോടൊപ്പം ടീമിന്റെ സംഘാടനത്തിലും തയ്യാറെടുപ്പുകളിലും കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കിരീടം നിലനിർത്താനാകുമെന്ന ആത്മവിശ്വാസവും കെ. എം. വർഗീസ് പങ്കുവെച്ചു.
എന്നാൽ, ലീഗിലെ ഓരോ മത്സരവും കടുത്ത പോരാട്ടമായിരിക്കുമെന്ന ബോധ്യത്തോടെയാണ് ടീം മുന്നോട്ടുപോകുന്നത്.
ആരാധകരുടെ പ്രതീക്ഷകൾക്കൊപ്പം
കണ്ണൂർ വാരിയേഴ്സിന്റെ മുന്നേറ്റത്തിൽ ആരാധകരുടെ പിന്തുണയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ സീസണിൽ ടീമിന് ലഭിച്ച ആവേശകരമായ പിന്തുണ ഇത്തവണയും തുടരുമെന്ന പ്രതീക്ഷയിലാണ് ക്ലബ്.
ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരം കണ്ണൂരിന്റെ ഫുട്ബോൾ ആവേശത്തിന് പുതിയ അധ്യായത്തിന് തുടക്കമിടുമെന്നാണ് പ്രതീക്ഷ. സ്വന്തം മണ്ണിൽ നിലവിലെ ചാമ്പ്യന്മാർ ഇറങ്ങുമ്പോൾ കണ്ണൂർ വാരിയേഴ്സിന്റെ കിരീടപ്പോരാട്ടത്തിന് തുടക്കം കുറിക്കുന്ന വേദിയായി ജവഹർ സ്റ്റേഡിയം മാറും.