Wednesday, September 2, 2026
HomeQatarസ്വാതന്ത്ര്യസമര പോരാട്ടങ്ങൾ പുതുതലമുറയ്ക്ക് പകർന്നുനൽകണം: FOTA ഖത്തർ ചാപ്റ്ററിന്റെ സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ പുതുതലമുറയ്ക്ക് പകർന്നുനൽകണം: FOTA ഖത്തർ ചാപ്റ്ററിന്റെ സ്വാതന്ത്ര്യദിനാഘോഷം

ദോഹ: ഫ്രണ്ട്സ് ഓഫ് തിരുവല്ല (FOTA) ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം ദോഹയിലെ മോഡേൺ ആർട്ട് സെന്ററിൽ വിപുലമായി സംഘടിപ്പിച്ചു.

FOTA ഖത്തർ ചാപ്റ്റർ പ്രസിഡന്റ് തോമസ് കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ IMF പ്രസിഡന്റ് ഓ. കെ. പരുമല മുഖ്യാതിഥിയായി പങ്കെടുത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി.

സ്വാതന്ത്ര്യത്തിനായി ത്യാഗം സഹിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകൾ ഓരോ തലമുറയും നന്ദിയോടെ ഓർക്കണമെന്ന് ഓ. കെ. പരുമല പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസയെ ആയുധമാക്കി നടന്ന സ്വാതന്ത്ര്യസമരം ചരിത്രത്തിലെ മഹത്തായ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം നേടിയെടുക്കാൻ മുൻതലമുറ നടത്തിയ ത്യാഗങ്ങളും പോരാട്ടങ്ങളും പുതുതലമുറയ്ക്ക് പകർന്നുനൽകേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിച്ച് ഇന്ത്യയുടെ പുരോഗതിയിൽ ഓരോ പൗരനും പങ്കാളികളാകണമെന്നും ഓ കെ പരുമല തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു.

FOTA ഖത്തർ ചാപ്റ്റർ ജനറൽ സെക്രട്ടറി അനീഷ് ജോർജ് മാത്യു സ്വാഗതവും ഉപദേശക കൗൺസിൽ ചെയർമാൻ ജിജി ജോൺ നന്ദിയും പറഞ്ഞു. രക്ഷാധികാരി ജോൺ സി. എബ്രഹാം ആശംസകൾ നേർന്നു.

സാമുവേൽ വർഗീസ്, ജോർജ് തോമസ്, നിതിൻ മാത്യു, എബിൻ പയ്യനാട്ട്, അനു എബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ആഘോഷങ്ങളുടെ ഭാഗമായി ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും കേക്ക് മുറിച്ച് സ്വാതന്ത്ര്യദിനാഘോഷം നടത്തുകയും ചെയ്തു. “സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ സ്മരിക്കാം; അവരുടെ സ്വപ്നങ്ങളിലെ ഇന്ത്യക്കായി ഒരുമിച്ച് മുന്നേറാം” എന്ന സന്ദേശത്തോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments