Wednesday, September 2, 2026
HomeKERALAഅധ്യാപികമാരിൽ നിന്ന് ലഹരി ശൃംഖലയിലേക്ക്; കാവ്യയുടെ അറസ്റ്റോടെ പുറത്തുവന്നത് കേരളത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ

അധ്യാപികമാരിൽ നിന്ന് ലഹരി ശൃംഖലയിലേക്ക്; കാവ്യയുടെ അറസ്റ്റോടെ പുറത്തുവന്നത് കേരളത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കടത്ത് കേസിൽ അന്വേഷണം നിർണായക വഴിത്തിരിവിൽ. ലഹരി ഇടപാടുകളിലെ പണമിടപാടുകൾ നിയന്ത്രിച്ചിരുന്ന മുഖ്യപ്രതിയായ ബാലുശ്ശേരി സ്വദേശിനി കാവ്യയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതോടെയാണ് കേരളത്തെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച ലക്ഷങ്ങളുടെ പണമിടപാടുകൾ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കേസിൽ ഏതാനും ദിവസം മുമ്പ് അറസ്റ്റിലായ പേരാമ്പ്ര സ്വദേശിനിയും അധ്യാപികയുമായ കീർത്തനയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് അന്വേഷണം കാവ്യയിലേക്കെത്തിയത്. കീർത്തനയിൽ നിന്ന് ലഭിച്ച വിവരങ്ങളും ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണസംഘം കാവ്യയെ നിരീക്ഷണത്തിലാക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.

കേസിന്റെ ചുരുളഴിയാൻ കാരണമായത് ആവിക്കൽ സ്വദേശിയായ സഫുവാനെ രണ്ട് ഗ്രാം എംഡിഎംഎയുമായി പിടികൂടിയ സംഭവമാണ്. സഫുവാന്റെ മൊബൈൽ ഫോൺ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചതോടെയാണ് അന്വേഷണം ആദ്യം കീർത്തനയിലേക്കും പിന്നീട് കാവ്യയിലേക്കും എത്തിയത്. ഡിജിറ്റൽ തെളിവുകളും സാമ്പത്തിക ഇടപാടുകളുമാണ് അന്വേഷണത്തിന് വഴിത്തിരിവായത്.

അന്വേഷണത്തിൽ ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിരവധി സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്. അധ്യാപക ശമ്പളവുമായി യാതൊരു ബന്ധവുമില്ലാത്ത തരത്തിൽ വിവിധ അക്കൗണ്ടുകളിൽ നിന്ന് വൻതുകകൾ എത്തിയതും പിന്നീട് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതുമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.

എംഡിഎംഎ വിൽപ്പനയിൽ നിന്നുള്ള പണം മറച്ചുവയ്ക്കാനും കൈമാറാനും ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ബാങ്കുകളിൽ നിന്ന് ശേഖരിച്ചുവരികയാണ്. മൊബൈൽ ഫോണുകൾ, ബാങ്ക് രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയുടെ ഫോറൻസിക് പരിശോധനയും പുരോഗമിക്കുകയാണ്.

അധ്യാപികമാരെന്ന നിലയിൽ സമൂഹത്തിൽ ലഭിച്ച വിശ്വാസ്യത മറയാക്കി ലഹരി ശൃംഖല പ്രവർത്തിച്ചിരുന്നോയെന്നും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ലഹരി സംഘങ്ങളുമായുള്ള ബന്ധമുണ്ടോയെന്നും പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കേസിൽ കൂടുതൽ പ്രതികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്നുമാണ് അന്വേഷണ വൃത്തങ്ങൾ നൽകുന്ന സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments