പാരീസ്: ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഉഷ്ണതരംഗങ്ങളിലൊന്നിനെ തുടർന്ന് ഫ്രാൻസിൽ 5,700-ലേറെ അധികമരണങ്ങൾ (Excess Deaths) രേഖപ്പെടുത്തിയതായി ഫ്രഞ്ച് പൊതുജനാരോഗ്യ ഏജൻസിയായ Santé publique France പുറത്തിറക്കിയ റിപ്പോർട്ട്. ജൂൺ 17 മുതൽ ജൂലൈ 2 വരെ രാജ്യത്തെ 92 മേഖലകളിൽ ഉണ്ടായ ഉഷ്ണതരംഗത്തിനിടെയാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
റിപ്പോർട്ട് പ്രകാരം, ഈ കാലയളവിൽ ആകെ 21,674 മരണങ്ങൾ രേഖപ്പെടുത്തി. മുൻവർഷങ്ങളിലെ ശരാശരി കണക്കുകൾ പ്രകാരം ഈ സമയത്ത് പ്രതീക്ഷിച്ചിരുന്നത് 15,910 മരണങ്ങൾ മാത്രമായിരുന്നു. അതായത്, 5,764 അധികമരണങ്ങളാണ് ഉണ്ടായത്. ഇത് പ്രതീക്ഷിച്ചതിനേക്കാൾ 36 ശതമാനം കൂടുതലാണ്.
2003-ലെ അതിഭീകര ഉഷ്ണതരംഗത്തിനുശേഷം ഫ്രാൻസിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ഉഷ്ണതരംഗ മരണനിരക്കാണിതെന്നും ആരോഗ്യ അധികൃതർ വ്യക്തമാക്കി. 75 വയസിന് മുകളിലുള്ളവരാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്. ആകെ അധികമരണങ്ങളിൽ മൂന്നിൽ രണ്ടും ഈ പ്രായവിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശം ഇൽ-ദെ-ഫ്രാൻസ് (പാരീസ് മേഖല) ആയിരുന്നു. ഇവിടെ മാത്രം ഏകദേശം 2,000 അധികമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജൂൺ 24, 25 തീയതികൾ ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസങ്ങളായി മാറിയതായും ചില പ്രദേശങ്ങളിൽ താപനില 43 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഈ കണക്കുകൾ പ്രാഥമിക വിലയിരുത്തലുകൾ മാത്രമാണെന്നും കൂടുതൽ വിശദമായ പരിശോധനകൾക്ക് ശേഷം അന്തിമ കണക്ക് ഇനിയും മാറാൻ സാധ്യതയുണ്ടെന്നും ഫ്രഞ്ച് പൊതുജനാരോഗ്യ ഏജൻസി അറിയിച്ചു.



