കൊച്ചി: താരസംഘടനയായ ‘അമ്മ’ (Association of Malayalam Movie Artists – AMMA) പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെച്ചതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി നടി Shwetha Menon. താൻ ആരുടെയും കൈയിലെ കളിക്കോപ്പാകാൻ തയ്യാറല്ലെന്നും സംഘടനയിൽ തങ്ങളെയൊഴിവാക്കാനുള്ള മുൻകൂട്ടി തയ്യാറാക്കിയ അജണ്ട ഉണ്ടായിരുന്നുവെന്നും ശ്വേത മേനോൻ ആരോപിച്ചു.
‘അമ്മ’യുടെ വാർഷിക പൊതുയോഗത്തിൽ കടുത്ത തർക്കങ്ങളും സാമ്പത്തിക കണക്കുകളെച്ചൊല്ലിയ വിവാദങ്ങളും ഉയർന്നതിനെ തുടർന്നാണ് ശ്വേത മേനോനും അവരുടെ നേതൃത്വത്തിലുള്ള 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവെച്ചത്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാത്രമല്ല, സംഘടനയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചതായും ശ്വേത മാധ്യമങ്ങളോട് വ്യക്തമാക്കി.
“എനിക്ക് സ്വന്തമായ വ്യക്തിത്വമുണ്ട്. എന്റെ അഭിപ്രായങ്ങൾ ഞാൻ തുറന്ന് പറയും. കളിക്കോപ്പകളായിരുന്നെങ്കിൽ ഈ സംഘടന നടത്താനാകുമായിരുന്നില്ല. എന്നാൽ ആരുടെയും കൈയിലെ കളിക്കോപ്പാകാൻ ഞാൻ തയ്യാറല്ല,” എന്നാണ് ശ്വേത മേനോൻ പ്രതികരിച്ചത്. തങ്ങളോട് ആലോചിക്കാതെയാണ് നേതൃത്വത്തെ മാറ്റാനുള്ള നീക്കങ്ങൾ നടന്നതെന്നും അവർ ആരോപിച്ചു.
സംഘടനയുടെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തതയില്ലായ്മയുണ്ടെന്നും മുൻ ഭരണസമിതിയുടെ കാലഘട്ടവുമായി ബന്ധപ്പെട്ട ചില കണക്കുകൾ ഹാജരാക്കാൻ സാധിച്ചില്ലെന്നും ശ്വേത ആരോപിച്ചു. നിലവിലെ കമ്മിറ്റിയുടെ കാലയളവിലെ എല്ലാ സാമ്പത്തിക ഇടപാടുകളും സുതാര്യമായിരുന്നുവെന്നും അവർ അവകാശപ്പെട്ടു.അതേസമയം, സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒമ്പതംഗ താത്കാലിക സമിതിയെ രൂപീകരിച്ചിട്ടുണ്ട്. രമേഷ്പിഷാരടി കൺവീനറായ സമിതിയിൽ കെ ബിഗണേഷ്‌കുമാര്‍ സുരേഷ് കൃഷ്ണ തുടങ്ങിയവരും അംഗങ്ങളാണ്. പുതിയ തിരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്ന് തീരുമാനിക്കാനുള്ള ചുമതലയും സമിതിക്കാണ് നൽകിയിരിക്കുന്നത്.
‘അമ്മ’യുടെ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോന്റെ രാജി മലയാള സിനിമാ മേഖലയിലും താരസംഘടനയ്ക്കുള്ളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.



