ഹൈദരാബാദ്: ആറുവയസ്സുകാരിയായ കൊച്ചുമകളെ കാർ ഓടിക്കാൻ അനുവദിച്ച സംഭവത്തിൽ സബ് ഇൻസ്പെക്ടറുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കി. തെലങ്കാനയിലാണ് സംഭവം.
കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിലാണ് സബ് ഇൻസ്പെക്ടറുടെ ആറുവയസ്സുകാരിയായ കൊച്ചുമകൾ കാർ ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കുകയും ചെയ്തു.
മോട്ടോർ വാഹന നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് ഗുരുതര നിയമലംഘനമാണ്. കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ച വാഹന ഉടമയ്ക്കെതിരെയും നടപടിയെടുത്തു. ഇതിന്റെ ഭാഗമായി വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കുകയായിരുന്നു.
അതേസമയം, തെലങ്കാനയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രായപൂർത്തിയാകാത്തവർ ഓടിച്ചതായി കണ്ടെത്തിയ 4,050-ലധികം വാഹനങ്ങളുടെ രജിസ്ട്രേഷനുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും കുട്ടികളുടെ സുരക്ഷയും റോഡ് സുരക്ഷയും മുൻനിർത്തിയാണ് നടപടികളെന്നും അധികൃതർ വ്യക്തമാക്കി.



