മലയാളികളുടെ ദശാബ്ദങ്ങളായുള്ള ആവശ്യം യാഥാർഥ്യത്തിലേക്ക്: ഭരണഘടനയിലെ ഒന്നാം പട്ടികയിൽ ‘Kerala’യ്ക്ക് പകരം ‘Keralam’
ന്യൂഡൽഹി: മലയാളികളുടെ ദശാബ്ദങ്ങളായുള്ള ആവശ്യത്തിന് നിർണായക വഴിത്തിരിവ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘Kerala’ എന്നതിൽ നിന്ന് ‘Keralam’ എന്നാക്കി മാറ്റുന്നതിനുള്ള Kerala (Alteration of Name) Bill, 2026 ലോക്സഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ കാര്യമായ ചർച്ചയില്ലാതെയാണ് ബിൽ പാസാക്കിയത്.
ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘Kerala’ എന്നതിന് പകരം ‘Keralam’ എന്നാക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. ഇതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക രേഖകളിലും ഭരണനടപടികളിലും സംസ്ഥാനത്തിന്റെ പേര് ‘Keralam’ എന്നായിരിക്കും.
വർഷങ്ങളായുള്ള ആവശ്യം
മലയാളത്തിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാണെന്നും ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ച 1956 നവംബർ ഒന്നുമുതൽ തന്നെ ‘കേരളം’ എന്ന പേരാണ് മലയാളികളുടെ പൊതുബോധത്തിൽ നിലനിൽക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് പേരുമാറ്റ ആവശ്യം ശക്തമായത്.
2024 ജൂൺ 24ന് കേരള നിയമസഭ ഏകകണ്ഠമായി സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന പ്രമേയം പാസാക്കിയിരുന്നു. സ്വാതന്ത്ര്യസമരകാലം മുതൽ മലയാളം സംസാരിക്കുന്നവർക്കായി ഐക്യകേരളം രൂപീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നുവെന്നും സംസ്ഥാനത്തിന്റെ പേര് മലയാളത്തിൽ ‘കേരളം’ ആണെന്നും പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു.
തുടർന്ന് കേന്ദ്രമന്ത്രിസഭ 2026 ഫെബ്രുവരി 24ന് കേരളത്തിന്റെ പേര് ‘Keralam’ എന്നാക്കാനുള്ള നിർദേശത്തിന് അംഗീകാരം നൽകി. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരമുള്ള നടപടികളുടെ ഭാഗമായാണ് ബിൽ കേരള നിയമസഭയുടെ അഭിപ്രായത്തിനായി രാഷ്ട്രപതി അയച്ചത്.
നിയമസഭയും ഏകകണ്ഠമായി അംഗീകരിച്ചു
രാഷ്ട്രപതിയുടെ റഫറൻസിനെ തുടർന്ന് ജൂലൈ ഒന്നിന് കേരള നിയമസഭ Kerala (Alteration of Name) Bill, 2026 പരിഗണിക്കുകയും ബില്ലിലെ പത്ത് വകുപ്പുകളും ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക ആശയവിനിമയങ്ങളിലും നടപടികളിലും ‘Keralam’ എന്നാക്കണമെന്നായിരുന്നു ബില്ലിലെ നിർദേശം.
ഇതിന് പിന്നാലെയാണ് പാർലമെന്റിൽ ബിൽ എത്തിയത്. ലോക്സഭയുടെ അംഗീകാരത്തോടെ പേരുമാറ്റ നടപടിക്ക് നിർണായകമായ മറ്റൊരു ഘട്ടം കൂടി പിന്നിട്ടിരിക്കുകയാണ്.
ഇനി എന്ത്?
പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ആവശ്യമായ ഭേദഗതി വരുത്തി സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘Keralam’ ആക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകും.
പേരുമാറ്റം സംസ്ഥാനത്തിന്റെ അതിർത്തികളെയോ ഭരണഘടനാപരമായ പദവിയെയോ മാറ്റുന്നില്ല. ‘Kerala’ എന്ന ഇംഗ്ലീഷ് ഔദ്യോഗിക നാമത്തിന് പകരം മലയാളത്തിൽ ഉപയോഗിക്കുന്ന ‘കേരളം’ എന്ന പേരിന്റെ ഔദ്യോഗിക രൂപമായ ‘Keralam’ അംഗീകരിക്കപ്പെടുന്നതാണ് മാറ്റം.
ഇതോടെ പതിറ്റാണ്ടുകളായി മലയാളികൾ ഉന്നയിച്ചിരുന്ന ‘കേരളം’ എന്ന പേരിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്ന ചരിത്രനിമിഷത്തിലേക്കാണ് സംസ്ഥാനം അടുക്കുന്നത്.



