സമഗ്രമായ അന്വേഷണത്തിന് സർക്കാർ
മുൻ കായിക മന്ത്രിയും അന്വേഷണ പരിധിയിൽ
വിജിലൻസ് അന്വേഷണത്തിന് ശുപാർശ
കേന്ദ്ര ഏജൻസികളും അന്വേഷിക്കേണ്ട സാമ്പത്തീക ഇടപാടുകളുണ്ടെന്ന് റിപ്പോർട്ട്
റിപ്പോർട്ട് തുടർനടപടികൾക്കായി മുഖ്യമന്ത്രിക്ക്
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനത്തിന് പിന്നിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടും ഗുരുതര ചട്ടലംഘനങ്ങളും നടന്നതായി കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) 1.5 കോടി യുഎസ് ഡോളർ (അന്നത്തെ മൂല്യത്തിൽ ഏകദേശം 126 കോടി രൂപ) നൽകിയതായി സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാൽ പണം കൈമാറിയതിന്റെയോ എഎഫ്എ തുക സ്വീകരിച്ചതിന്റെയോ തെളിവുകളൊന്നും സർക്കാരിന് ലഭിച്ചിട്ടില്ല.
126 കോടി എവിടെ?
എഎഫ്എയ്ക്ക് 15 മില്യൺ യുഎസ് ഡോളർ നൽകിയെന്നായിരുന്നു സ്പോൺസറുടെ അവകാശവാദം. എന്നാൽ ബാങ്ക് രേഖകളോ എഎഫ്എയുടെ ഔദ്യോഗിക സ്ഥിരീകരണമോ അന്വേഷണത്തിൽ കണ്ടെത്താനായില്ല. കേരള സർക്കാരും എഎഫ്എയും തമ്മിലുള്ള ഔദ്യോഗിക കരാറിന്റെ രേഖകളും ലഭ്യമല്ലെന്നാണ് റിപ്പോർട്ട്.
വിദേശത്തേക്ക് പണം കൈമാറാൻ അമേരിക്ക ആസ്ഥാനമായ ഏജൻസി വഴി ഇടപാട് നടത്തുന്നതിന് കേന്ദ്രാനുമതി തേടിയിരുന്നു. അനുമതി ലഭിച്ചെങ്കിലും തുക യഥാർഥത്തിൽ കൈമാറിയതിന്റെ രേഖ പിന്നീട് ഹാജരാക്കിയില്ല. പണം കൈമാറാൻ നിർദേശിച്ച ഏജൻസിക്കെതിരെ അമേരിക്കയിൽ സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണം നടന്നിരുന്നതായും റിപ്പോർട്ടിലുണ്ട്.
സ്പോൺസർ തിരഞ്ഞെടുപ്പിലും ചട്ടലംഘനം
മെസ്സിയുടെ കേരള സന്ദർശനത്തിനായി സ്പോൺസറെ കണ്ടെത്തിയതിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ‘ഗോട്ട് ആൻഡ് ഗ്ലോബൽ’ എന്ന സ്ഥാപനം 2023 ജൂലൈയിൽ സർക്കാരിനെ സമീപിച്ചിരുന്നു. പിന്നീട് സ്പോൺസറായി എത്തിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കും ഈ സ്ഥാപനത്തിനും ഒരേ വിലാസമായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്പോൺസറെ തിരഞ്ഞെടുക്കാൻ ടെൻഡർ നടപടികൾ സ്വീകരിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
എഎഫ്എയുടെ ഔദ്യോഗിക ക്ഷണം എവിടെ?
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിന്റെ ഭാഗമായി മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ സ്പെയിൻ സന്ദർശിച്ചിരുന്നു. എന്നാൽ എഎഫ്എ കേരളത്തെ ഔദ്യോഗികമായി ക്ഷണിച്ചതിന്റെയോ ടീമിന്റെ സന്ദർശനം സംബന്ധിച്ച് സർക്കാരുമായി ധാരണയിലെത്തിയതിന്റെയോ രേഖകൾ അന്വേഷണത്തിൽ കണ്ടെത്താനായില്ല. ടീമിന്റെ സന്ദർശനം നടക്കാതിരുന്നതിനെ തുടർന്ന് സ്പോൺസർക്ക് സർക്കാർ രണ്ടുതവണ നോട്ടിസ് നൽകിയിരുന്നു.
22.68 കോടി നികുതി ആവശ്യപ്പെട്ട് ജിഎസ്ടി
126 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് 22.68 കോടി രൂപ സേവനനികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സ്പോൺസർക്ക് സമൻസ് അയച്ചതായും റിപ്പോർട്ടിലുണ്ട്. പണം യഥാർഥത്തിൽ കൈമാറിയോ, എഎഫ്എയ്ക്ക് തുക ലഭിച്ചോ, ഇടപാടിൽ ആരൊക്കെയാണ് പങ്കാളികളായത് തുടങ്ങിയ കാര്യങ്ങളാണ് ഇനി വ്യക്തമാകേണ്ടത്.
വിജിലൻസ് അന്വേഷണത്തിന് ശുപാർശ
സാമ്പത്തിക ക്രമക്കേട്, വിദേശനാണയ ചട്ടലംഘനം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിന്റെ വിലയിരുത്തൽ. വിജിലൻസ് അന്വേഷണത്തിനും കേന്ദ്ര ഏജൻസി അന്വേഷണത്തിനും ശുപാർശയുള്ള റിപ്പോർട്ട് തുടർനടപടികൾക്കായി മുഖ്യമന്ത്രിക്ക് കൈമാറിയതായാണ് വിവരം.
മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തുമെന്ന പ്രഖ്യാപനം വലിയ ഫുട്ബോൾ ആവേശമുണ്ടാക്കിയിരുന്നു. എന്നാൽ സന്ദർശനം നടക്കാതെ പോയതിനു പിന്നാലെ പുറത്തുവന്ന അന്വേഷണ റിപ്പോർട്ട് പദ്ധതിയുടെ സാമ്പത്തിക ഇടപാടുകളെ തന്നെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്.



