Wednesday, September 2, 2026
HomeINDIAജന്തർ മന്തർ ‘സീസൺ 2’ ഉടൻ: വീണ്ടും സമരമുഖത്തേക്ക് സി.ജെ.പി, രാജ്യവ്യാപക ‘ലിസണിങ് ടൂർ’ പ്രഖ്യാപിച്ച്...

ജന്തർ മന്തർ ‘സീസൺ 2’ ഉടൻ: വീണ്ടും സമരമുഖത്തേക്ക് സി.ജെ.പി, രാജ്യവ്യാപക ‘ലിസണിങ് ടൂർ’ പ്രഖ്യാപിച്ച് അഭിജീത് ദിപ്കെ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും

വിദ്യാഭ്യാസം, സർക്കാർ സ്കൂളുകളുടെ നിലവാരം, തൊഴിലില്ലായ്മ, വിദ്യാർഥികളുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി ജനങ്ങളുമായി സംവദിക്കും

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ 36 ദിവസം നീണ്ട സമരം അവസാനിപ്പിച്ചതിന് പിന്നാലെ വീണ്ടും പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (CJP). ‘ജന്തർ മന്തർ സീസൺ 2’ ഉടൻ ആരംഭിക്കുമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ പ്രഖ്യാപിച്ചു.

വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പൊതുപ്രശ്നങ്ങൾ ജനങ്ങളിൽനിന്ന് നേരിട്ട് കേൾക്കുന്നതിനായി രാജ്യവ്യാപകമായി ‘ലിസണിങ് ടൂർ’ നടത്തുമെന്നും സി.ജെ.പി വ്യക്തമാക്കി. സ്വാതന്ത്ര്യദിനം മുതൽ വിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ച് പുതിയ ക്യാംപയിന് തുടക്കമിടാനാണ് നീക്കം. സർക്കാർ സ്കൂളുകളുടെ നിലവാരം പരിശോധിക്കുന്നതിനായി സാമൂഹിക ഓഡിറ്റുകൾ നടത്താനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡൽഹിയിലെ നരൈനയിൽ സി.ജെ.പി പ്രവർത്തകരുടെ യോഗം നടക്കാനിരുന്ന വേദിയുടെ ബുക്കിങ് അവസാന നിമിഷം റദ്ദാക്കിയ സംഭവത്തിന് പിന്നാലെയാണ് ദിപ്കെയുടെ പ്രഖ്യാപനം. ബി.ജെ.പിയുടെ സമ്മർദത്തെ തുടർന്നാണ് വേദിയുടമ ബുക്കിങ് റദ്ദാക്കിയതെന്നാണ് ദിപ്കെയുടെ ആരോപണം. എന്നാൽ ആരോപണത്തിൽ ബി.ജെ.പിയുടെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

വേദി ലഭിക്കാതിരുന്നതിനെ തുടർന്ന് അടച്ചിട്ട യോഗം പൊതുപരിപാടിയായി മാറിയെന്നും ഇത്തരം തടസ്സങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുമെന്നും ദിപ്കെ പറഞ്ഞു. ‘ജന്തർ മന്തർ എല്ലായിടത്തും വേണമെന്നാണ് അവർ ആഗ്രഹിക്കുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പുതിയ സമരത്തിന്റെ കൃത്യമായ തീയതിയും വേദിയും ആവശ്യങ്ങളും അദ്ദേഹം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ജൂലൈ 25നാണ് സി.ജെ.പി ജന്തർ മന്തറിലെ 36 ദിവസത്തെ സമരം അവസാനിപ്പിച്ചത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയായിരുന്നു സമരം. വിദ്യാർഥികളും യുവാക്കളും വിവിധ പ്രതിപക്ഷ നേതാക്കളും സമരത്തിന് പിന്തുണ നൽകിയിരുന്നു.

ജൂലൈ 20ന് പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച സി.ജെ.പി പ്രവർത്തകർക്കെതിരെയുണ്ടായ പൊലീസ് നടപടിയെയും ദിപ്കെ വിമർശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിൽ പാർലമെന്റിൽ മാപ്പുപറയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ലാത്തിച്ചാർജ്, പെല്ലറ്റ് ഗൺ, കണ്ണീർവാതകം എന്നിവ ഉപയോഗിച്ചതായും ദിപ്കെ ആരോപിച്ചു.

അതേസമയം, പുതിയ ഘട്ടത്തിൽ സി.ജെ.പി ഒരു ഡൽഹി കേന്ദ്രീകൃത സമരത്തിൽ മാത്രം ഒതുങ്ങാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം, സർക്കാർ സ്കൂളുകളുടെ നിലവാരം, തൊഴിലില്ലായ്മ, വിദ്യാർഥികളുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയാകും ജനങ്ങളുമായി സംവദിക്കുകയെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. ഇതോടെ ജന്തർ മന്തറിലെ ആദ്യഘട്ട സമരത്തിന് പിന്നാലെ സി.ജെ.പിയുടെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയും ശക്തമായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments