ദോഹ: ഇന്ത്യയിലെ പ്രശസ്ത മെന്റലിസ്റ്റ് ആനന്ദു അവതരിപ്പിക്കുന്ന മെഗാ മെന്റലിസം ഷോയുടെ ഔദ്യോഗിക ലോഞ്ചിംഗ് ചടങ്ങ് ദോഹയിലെ Zaatar Restaurant-ൽ പ്രൗഢഗംഭീരമായി നടന്നു. 2026 ഓഗസ്റ്റ് 28-ന് ദോഹയിൽ അരങ്ങേറുന്ന മെഗാഷോയുടെ ഔദ്യോഗിക പ്രഖ്യാപനമാണ് ചടങ്ങിലൂടെ നടത്തിയത്.
സാമൂഹിക, സാംസ്കാരിക, ബിസിനസ് മേഖലകളിലെ പ്രമുഖർ, മാധ്യമപ്രവർത്തകർ, സ്പോൺസർമാർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ, വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ മെഗാഷോയുടെ പ്രമോഷണൽ വീഡിയോ പ്രദർശിപ്പിക്കുകയും ഔദ്യോഗിക ലോഞ്ചിംഗ് നിർവഹിക്കുകയും ചെയ്തു. ചടങ്ങ് ആവേശകരമായ അന്തരീക്ഷത്തിലാണ് നടന്നത്.

ഖത്തറിലെ പ്രേക്ഷകർക്ക് ലോകോത്തര നിലവാരത്തിലുള്ള മെന്റലിസം അനുഭവം സമ്മാനിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. മനഃശാസ്ത്രം, മെന്റലിസം, മാജിക്, അത്യാധുനിക സ്റ്റേജ് സാങ്കേതികവിദ്യ എന്നിവ സമന്വയിപ്പിച്ച ആനന്ദുവിന്റെ അവതരണം പ്രേക്ഷകർക്ക് വിസ്മയകരമായ അനുഭവമായിരിക്കുമെന്ന് അവർ വ്യക്തമാക്കി.
പരിപാടിയിൽ പങ്കെടുത്ത അതിഥികൾ മെഗാഷോയുടെ വിജയത്തിനായി ആശംസകൾ നേർന്നു. പരിപാടിയുടെ വിജയത്തിനായി പിന്തുണ നൽകിയ സ്പോൺസർമാർക്കും മാധ്യമങ്ങൾക്കും സഹസംഘാടകർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
ഓഗസ്റ്റ് 28-ന് ദോഹയിൽ നടക്കുന്ന മെഗാഷോയുടെ ടിക്കറ്റ് വിൽപ്പനയും വിപുലമായ പ്രചാരണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഖത്തറിലെ മലയാളി സമൂഹത്തിനൊപ്പം മറ്റ് പ്രവാസി സമൂഹങ്ങളും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പരിപാടി ഖത്തറിലെ വിനോദരംഗത്ത് ശ്രദ്ധേയമായ ഒരു നാഴികക്കല്ലാകുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.



