Wednesday, September 2, 2026
HomeKERALAമുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം: മുഴുവൻ ചെലവും കേരളം വഹിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം: മുഴുവൻ ചെലവും കേരളം വഹിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

‘തമിഴ് നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’ എന്ന സമീപനത്തിലാണ് പുതിയ നിർദേശം

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന് പകരം പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ നിലപാട് വീണ്ടും ശക്തമായി ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ അണക്കെട്ടിന്റെ നിർമാണച്ചെലവ് പൂർണമായും കേരളം വഹിക്കാമെന്നും, തമിഴ് നാടിന് ലഭിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ ജലവിഹിതവും പുതിയ അണക്കെട്ടിൽനിന്ന് ഉറപ്പാക്കാമെന്നും സതീശൻ വ്യക്തമാക്കി.

ചെന്നൈ മഹാബലിപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന 31-ാമത് ദക്ഷിണ മേഖല കൗൺസിൽ യോഗത്തിലാണ് കേരളം നിർണായക നിർദേശം മുന്നോട്ടുവച്ചത്. പുതിയ അണക്കെട്ടിന്റെ രൂപകൽപ്പന, സ്ഥലം, നിർമാണം എന്നിവ തമിഴ് നാടിന് തീരുമാനിക്കാമെന്നും, നിർമാണത്തിന്റെ സാമ്പത്തിക ബാധ്യത കേരളം ഏറ്റെടുക്കാമെന്നുമാണ് സതീശന്റെ നിലപാട്.

കേരളത്തിന്റെ പ്രധാന ആശങ്ക നിലവിലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയും അണക്കെട്ടിന് താഴെ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനുമുള്ള സുരക്ഷയുമാണെന്ന് സതീശൻ വ്യക്തമാക്കി. തമിഴ്നാടിന്റെ ജലാവകാശത്തെ ബാധിക്കാത്ത തരത്തിലായിരിക്കും പുതിയ അണക്കെട്ടെന്ന ഉറപ്പും കേരളം മുന്നോട്ടുവച്ചു. ‘തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’ എന്ന സമീപനത്തിലാണ് പുതിയ നിർദേശം.

130 വർഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന് പകരം പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം കേരളം ദീർഘകാലമായി ഉന്നയിച്ചുവരികയാണ്. നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്നാണ് തമിഴ് നാടിന് നിലപാട്. അതേസമയം, അണക്കെട്ടിന്റെ പഴക്കവും ഭൂകമ്പസാധ്യതയും ഉൾപ്പെടെയുള്ള സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് കേരളം പുതിയ അണക്കെട്ടിനായി വാദിക്കുന്നത്.

എന്നാൽ കേരളത്തിന്റെ നിർദേശത്തിന് പിന്നാലെയും നിലവിലെ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന ആവശ്യത്തിൽ തമിഴ് നാടിന് ഉറച്ചുനിന്നു. കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ജലനിരപ്പ് ഉയർത്തണമെന്നാണ് തമിഴ് നാടിന്‍റെ നിലപാട്. ഇതോടെ മുല്ലപ്പെരിയാർ വിഷയത്തിൽ ഇരു സംസ്ഥാനങ്ങളുടെയും നിലപാടുകളിലെ വ്യത്യാസം ദക്ഷിണ മേഖല കൗൺസിൽ യോഗത്തിലും വ്യക്തമായി.

പുതിയ അണക്കെട്ട് നിർമിച്ചാൽ തമിഴ് നാടിന് ലഭിക്കുന്ന ജലത്തിന്റെ അളവിൽ കുറവുണ്ടാകില്ലെന്ന ഉറപ്പ് നൽകുന്നതിലൂടെ പതിറ്റാണ്ടുകളായി തുടരുന്ന തർക്കത്തിന് പ്രായോഗിക പരിഹാരം കണ്ടെത്താനാണ് കേരളം ശ്രമിക്കുന്നത്. നിർമാണച്ചെലവ് കേരളം തന്നെ വഹിക്കാമെന്ന നിർദേശം കൂടി മുന്നോട്ടുവച്ചത് ഇരു സംസ്ഥാനങ്ങൾക്കുമിടയിലെ തർക്കം പരിഹരിക്കാനുള്ള പുതിയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

മുല്ലപ്പെരിയാറിന് പുറമെ കേരളത്തിന്റെ വിവിധ ആവശ്യങ്ങളും സതീശൻ യോഗത്തിൽ ഉന്നയിച്ചു. ആരോഗ്യപദ്ധതികൾക്ക് കേന്ദ്രസഹായം വർധിപ്പിക്കുക, തീരശോഷണവും പുനരധിവാസവും ദുരന്തനിവാരണ ഫണ്ടിന്റെ പരിധിയിൽ കൊണ്ടുവരിക, ഓഫ്‌ഷോർ മണൽ ഖനനത്തിന് ശാസ്ത്രീയ പഠനം നടത്തുന്നതുവരെ അനുമതി നൽകരുത് തുടങ്ങിയ ആവശ്യങ്ങളും കേരളം മുന്നോട്ടുവച്ചു. സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് സ്ഥാപനങ്ങൾക്ക് ടോൾ ഇളവ് നൽകണമെന്നും കേരളം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ വിഷയത്തിൽ പുതിയ നിർദേശം മുന്നോട്ടുവന്നതോടെ കേരള-തമിഴ് നാട് ബന്ധത്തിലെ ഏറ്റവും സങ്കീർണമായ ജലതർക്കത്തിന് പുതിയ വഴിത്തിരിവുണ്ടാകുമോയെന്നാണ് ഇനി ശ്രദ്ധിക്കപ്പെടുന്നത്. കേരളം നിർമാണച്ചെലവ് ഏറ്റെടുക്കാനും തമിഴ് നാടിന്‍റെ ജലാവകാശം സംരക്ഷിക്കാനും തയ്യാറാണെന്ന നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ, തമിഴ്നാടിന്റെ തുടർനിലപാടാകും നിർണായകം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments