ശിക്ഷാകാലാവധി പൂർത്തിയായിട്ടും ഏറ്റെടുക്കാൻ ബന്ധുക്കളോ മറ്റാരെങ്കിലുമോ ഇല്ലാത്ത തടവുകാർക്ക് പുനരധിവാസത്തിന് പുതിയ പദ്ധതിയുമായി ജയിൽ വകുപ്പ്. ഇവരുടെ സാമൂഹിക പുനഃസംയോജനത്തിനായി ‘ഹാഫ് വേ ഹോം’ പദ്ധതി നടപ്പാക്കാനാണ് ആലോചന.
ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് സമൂഹത്തിലേക്ക് തിരിച്ചെത്തുന്നതിനുള്ള ഇടനില സംവിധാനമായാണ് ‘ഹാഫ് വേ ഹോം’ വിഭാവനം ചെയ്യുന്നത്. ബന്ധുക്കളുടെ പിന്തുണയില്ലാത്തവർക്കും സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്നവർക്കും സുരക്ഷിതമായ താമസവും ആവശ്യമായ പിന്തുണയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സാമൂഹിക നീതി വകുപ്പ്, പൊലീസ്, ജയിൽ വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുകയെന്ന് ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്ത് ഐപിഎസ് അറിയിച്ചു.
ശിക്ഷ പൂർത്തിയായതോടെ ജയിലിന് പുറത്തേക്ക് എത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിനൊപ്പം, അവർക്ക് സമൂഹത്തിന്റെ ഭാഗമാകാനുള്ള അവസരമൊരുക്കാനും പദ്ധതി സഹായിക്കുമെന്നാണ് ജയിൽ വകുപ്പിന്റെ പ്രതീക്ഷ. തൊഴിൽ ഉൾപ്പെടെയുള്ള മേഖലകളിൽ ആവശ്യമായ പിന്തുണ നൽകുന്നതിലൂടെ ഇവരുടെ പുനരധിവാസം കൂടുതൽ ഫലപ്രദമാക്കാനും ലക്ഷ്യമിടുന്നു.



