തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴും കെപിസിസി അദ്ധ്യക്ഷനെ നിയമിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. നിലവിൽ മന്ത്രി പദവിക്കൊപ്പം സണ്ണി ജോസഫ് തന്നെയാണ് കെപിസിസി അദ്ധ്യക്ഷ സ്ഥാനവും വഹിക്കുന്നത്. സംഘടനയ്ക്ക് പൂർണസമയ അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പുതിയ അധ്യക്ഷനെ ചൊല്ലിയുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുന്നത് .
ദിവസങ്ങൾക്കുമുമ്പ് കെപിസിസി അദ്ധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾക്കായി പാർലമെന്ററി പാർട്ടി ലീഡർ എന്ന നിലയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന കോൺഗ്രസ് സംഘടനാ പുനഃസംഘടനയും പുതിയ അധ്യക്ഷന്റെ നിയമനവുമാണ് ചർച്ചയിലെ പ്രധാന വിഷയങ്ങളായിരുന്നുവെന്നാണ് വിവരം.
സംസ്ഥാന കോൺഗ്രസിനെ നയിക്കാൻ ആരെ ചുമതലപ്പെടുത്തണമെന്ന ചർച്ചയിൽ നിലവിൽ അഞ്ച് പേരുകളാണ് പ്രധാന പരിഗണനയിലുള്ളത്. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ടി.എൻ. പ്രതാപൻ, മാത്യു കുഴൽനാടൻ എംഎൽഎ, മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളാണ് സജീവമായി ഉയരുന്നത്. സംഘടനാ പ്രവർത്തന പരിചയവും വിവിധ ഗ്രൂപ്പുകൾക്കിടയിലെ സ്വീകാര്യതയും യുവ-മുതിർന്ന നേതൃത്വത്തിന്റെ സന്തുലനവുമാണ് സ്ഥാനാർഥി നിർണയത്തിൽ നിർണായകമാകുക.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, എംപി രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ പേരുകളും ചർച്ചകളിൽ ഉയരുന്നുണ്ടെങ്കിലും പ്രായവും ആരോഗ്യപരമായ ഘടകങ്ങളും പരിഗണിക്കുമ്പോൾ ഇവരെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, എംപിമാരായ ആന്റോ ആന്റണി, ബെന്നി ബെഹനാൻ, എം.കെ. രാഘവൻ എന്നിവരുടെ പേരുകളും വിവിധ തലങ്ങളിൽ ചർച്ചയിലുണ്ട്.
അതേസമയം, മുൻ കെപിസിസി അധ്യക്ഷൻമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവരും പാർട്ടിക്കുള്ളിൽ സജീവ ഇടപെടൽ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇവർ തങ്ങളുടെ നിലപാടുകളും പിന്തുണയും ശക്തമായി മുന്നോട്ടുവെക്കുന്നുവെന്നാണ് സൂചന.
മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തിപരമായ പരിഭവവും തുടരുന്നുവെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. കെപിസിസി അധ്യക്ഷനായിരുന്ന കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടെന്നും പിന്നീട് പാർട്ടിയിലെ പ്രധാന പദവികളിലേക്കോ തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിലേക്കോ പരിഗണിച്ചില്ലെന്ന വികാരമാണ് അദ്ദേഹത്തിനുള്ളതെന്നാണ് സൂചന. ഈ സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ അദ്ദേഹം കൂടുതൽ സജീവമായി ഇടപെടുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിൽ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേട്ടശേഷം മാത്രമേ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് ദേശീയ നേതൃത്വം. സംഘടനാ പുനഃസംഘടനയുമായി ബന്ധപ്പെട്ട മറ്റ് നിയമനങ്ങൾക്കും അധ്യക്ഷ പ്രഖ്യാപനത്തിനും സാദ്ധ്യത ഒരുമിച്ചായിരിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്നുള്ള സൂചന. അതുവരെ മന്ത്രി പദവിക്കൊപ്പം സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായും തുടരുമെന്നാണ് നിലവിലെ സാഹചര്യം.



