Wednesday, September 2, 2026
HomeINDIAചോദ്യപേപ്പർ ചോർച്ചയ്ക്ക് ഇനി 10 വർഷം വരെ തടവ്; ₹50 ലക്ഷം വരെ പിഴ, പരീക്ഷാ...

ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഇനി 10 വർഷം വരെ തടവ്; ₹50 ലക്ഷം വരെ പിഴ, പരീക്ഷാ തട്ടിപ്പിനെതിരെ കടുത്ത ഭേദഗതി ബിൽ ലോക്‌സഭയിൽ

കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ
ബിൽ സഭയിലവതരിപ്പിച്ച് കേന്ദ്ര ആണോവോർജ്ജ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും സംഘടിത പരീക്ഷാ തട്ടിപ്പും കർശനമായി തടയാൻ കേന്ദ്ര സർക്കാർ നിയമം കൂടുതൽ ശക്തമാക്കുന്നു. ഇതിനായി Public Examinations (Prevention of Unfair Means) Amendment Bill, 2026 ലോക്‌സഭയിൽ തിങ്കളാഴ്ച അവതരിപ്പിച്ചു. നിലവിലെ നിയമത്തിലെ ശിക്ഷകൾ ഗണ്യമായി വർധിപ്പിക്കുകയും പരീക്ഷാ തട്ടിപ്പിൽ പങ്കാളികളാകുന്ന കമ്പനികളുടെയും സേവനദാതാക്കളുടെയും മേൽ കൂടുതൽ കർശന നടപടി ഉറപ്പാക്കുകയുമാണ് ഭേദഗതി ബില്ലിന്റെ ലക്ഷ്യം.

ആണവോർജ വകുപ്പ് സഹമന്ത്രിയായ ജിതേന്ദ്ര സിംഗ് ആണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. സഭയിലെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയായിരുന്നു ബിൽ മേശപ്പുറത്ത് വച്ചത്.

ശിക്ഷ ഇരട്ടിയിലേറെ കർശനമാകും

നിലവിലെ നിയമപ്രകാരം പരീക്ഷാ തട്ടിപ്പിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും പരമാവധി ₹10 ലക്ഷം പിഴയുമാണ് വ്യവസ്ഥ. പുതിയ ഭേദഗതി പ്രകാരം ഇത് കുറഞ്ഞത് അഞ്ച് വർഷം മുതൽ പരമാവധി 10 വർഷം വരെ തടവായും പരമാവധി ₹50 ലക്ഷം പിഴയായും ഉയർത്തും.

കമ്പനി മേധാവികൾക്കും കടുത്ത നടപടി

പരീക്ഷാ തട്ടിപ്പിൽ ഉൾപ്പെട്ട കമ്പനികളിലെ ഡയറക്ടർമാർ, മുതിർന്ന മാനേജ്മെന്റ് അംഗങ്ങൾ, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തമോ ഒത്താശയോ തെളിഞ്ഞാൽ അവർക്കെതിരെയും കർശന ശിക്ഷയാണ് ബിൽ നിർദേശിക്കുന്നത്.

നിലവിലെ നിയമപ്രകാരം മൂന്ന് വർഷം വരെ തടവും ₹1 കോടി വരെ പിഴയുമുള്ള ശിക്ഷ, ഭേദഗതി പ്രാബല്യത്തിൽ വന്നാൽ കുറഞ്ഞത് അഞ്ച് വർഷം തടവും ₹5 കോടി വരെ പിഴയും ആയി ഉയരും.

വേഗത്തിലുള്ള അന്വേഷണവും വിചാരണയും

പേപ്പർ ലീക്ക് കേസുകളുടെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി അതിവേഗ വിചാരണ ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. പരീക്ഷാ തട്ടിപ്പിന് സാങ്കേതിക സഹായം, സാമ്പത്തിക സഹായം, മറ്റ് സേവനങ്ങൾ എന്നിവ നൽകുന്ന സർവീസ് പ്രൊവൈഡർമാർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കാൻ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.

2024-ൽ നിലവിൽ വന്ന Public Examinations (Prevention of Unfair Means) Act കൂടുതൽ ശക്തിപ്പെടുത്തുകയാണ് പുതിയ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് സമീപകാലത്ത് ഉണ്ടായ നിരവധി ചോദ്യപേപ്പർ ചോർച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊതുപരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനുള്ള നിർണായക നീക്കമായാണ് കേന്ദ്ര സർക്കാർ ഈ ബില്ലിനെ വിശേഷിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments