ഖത്തറിന്റെ മുൻ അമീറും രാഷ്ട്രത്തിന്റെ നവോത്ഥാനത്തിന് അടിത്തറ പാകിയ മഹാനായ ഭരണാധികാരിയുമായിരുന്ന ഹിസ് ഹൈനെസ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണത്തിൽ ഇൻകാസ് ഖത്തർ പ്രസിഡണ്ടിന്റെ പേരിൽ അതിയായ ദുഃഖവും അഗാധമായ അനുശോചനവും രേഖപ്പെടുത്തുന്നു.
ആധുനിക ഖത്തറിന്റെ ശിൽപ്പികളിൽ പ്രമുഖനായിരുന്ന ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ ദീർഘദർശിത്വവും ഭരണമികവും ഖത്തറിനെ ലോകത്തിന്റെ മുൻനിര വികസിത രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു. തൻ്റെ വികസന പ്രവർത്തനങ്ങൾക്കുള്ള തുടർച്ചക്കായി തൻ്റെ നല്ല സമയത്ത് തന്നെ മകന് അധികാരം കൈമാറി ലോക ഭരണാധികാരികൾക്കിടയിൽ മാതൃക സൃഷ്ടിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.
വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രസാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക പുരോഗതി, കായികരംഗം, അന്താരാഷ്ട്ര നയതന്ത്രം തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഖത്തർ കൈവരിച്ച നേട്ടങ്ങൾ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുന്നതാണ്.
ഖത്തറിന്റെ പുരോഗതിക്കൊപ്പം ഇവിടെ ജീവിക്കുകയും തൊഴിൽ ചെയ്യുകയും ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്കും, പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തിനും സുരക്ഷിതവും അഭിമാനകരവുമായ ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ അദ്ദേഹത്തിന്റെ കരുതൽ വിലമതിക്കാനാവാത്തതാണ്. ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വത്തിന് സുപ്രധാന പങ്കുണ്ട്.
ഈ ദുഃഖസമയത്ത് ഖത്തറിന്റെ അമീർ ഹിസ് ഹൈനെസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, അൽ താനി രാജകുടുംബം, ഖത്തർ സർക്കാർ, ഖത്തർ ജനത എന്നിവർക്ക് ഇൻകാസ് ഖത്തറിന്റെ പേരിലും വ്യക്തിപരമായും ഹൃദയംഗമമായ അനുശോചനങ്ങൾ അറിയിക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ സേവനങ്ങൾ എന്നും നാടും ലോകരാജ്യങ്ങളും സ്മരിക്കപ്പെടുമെന്നും, പരേതന്റെ ആത്മാവിന് സർവശക്തനായ ദൈവം കരുണയും സമാധാനവും നൽകട്ടെയെന്നും കുടുംബാംഗങ്ങൾക്കും ഖത്തർ ജനതയ്ക്കും ഈ ദുഃഖം താങ്ങാനുള്ള ശക്തി പ്രദാനം ചെയ്യട്ടെയെന്നും പ്രാർത്ഥിക്കുന്നു.
സിദ്ധീഖ് പുറായിൽ
പ്രസിഡണ്ട്
ഇൻകാസ് ഖത്തർ



