നാല്പത് വർഷത്തിലേറെയായി ഖത്തർ എന്റെ ജീവിതത്തിന്റെ അഭിന്നഘടകമാണ്. ഈ മരുഭൂമിയുടെ മണൽപ്പരപ്പിൽ ഒരു രാജ്യത്തിന്റെ അത്ഭുതകരമായ വളർച്ച മാത്രമല്ല, ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമായി വിരിയുന്നതും നേരിൽ കാണാൻ എനിക്ക് ഭാഗ്യമുണ്ടായി.
ആധുനിക ഖത്തറിന്റെ ഉയർച്ചയെക്കുറിച്ച് പറയുമ്പോൾ ഒരിക്കലും വിസ്മരിക്കാനാവാത്ത പേരാണ് ഹിസ് ഹൈനെസ് ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി. അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും ധീരമായ നേതൃത്വവും ഖത്തറിനെ ലോകത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, നയതന്ത്ര, കായിക രംഗങ്ങളിൽ മുൻനിരയിലേക്ക് ഉയർത്തി. ഇന്ന് ലോകം ആദരവോടെ കാണുന്ന ഖത്തറിന്റെ അടിത്തറ പാകിയത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്.
2005-ലും 2012-ലും അദ്ദേഹം ഇന്ത്യ സന്ദർശിച്ചപ്പോൾ ബിസിനസ് പ്രതിനിധിസംഘത്തിലെ അംഗമെന്ന നിലയിൽ അദ്ദേഹത്തെ അനുഗമിക്കാനുള്ള അപൂർവ ഭാഗ്യം എനിക്ക് ലഭിച്ചു. 2005 ഏപ്രിലിലെ സന്ദർശനവേളയിൽ അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയും ശ്രദ്ധേയമായിരുന്നു. അദ്ദേഹവുമായി നടത്തിയ നിരവധി സൗഹൃദ സംഭാഷണങ്ങളിൽ കേരളത്തോടുള്ള അദ്ദേഹത്തിന്റെ ആത്മാർഥമായ സ്നേഹവും ആദരവും എനിക്ക് നേരിട്ട് അനുഭവിക്കാനായി. ഒരിക്കൽ കേരളത്തിന്റെ ചിത്രങ്ങൾ കണ്ടുകൊണ്ടിരിക്കെ, തന്റെ പേരക്കുട്ടികളോട് “നിങ്ങൾ ഒരിക്കൽ തീർച്ചയായും കേരളം സന്ദർശിക്കണം” എന്ന ആഗ്രഹം അദ്ദേഹം പങ്കുവെച്ചത് ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തോടും ജനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പ്രത്യേക ഇഷ്ടത്തിന്റെ തെളിവായിരുന്നു ആ വാക്കുകൾ.
കാലം മുന്നോട്ടുപോകും. ഭരണാധികാരികൾ മാറും. എന്നാൽ ചില നേതാക്കൾ അധികാരത്തിന്റെ സിംഹാസനങ്ങളിൽ മാത്രമല്ല, ജനങ്ങളുടെ മനസ്സുകളിലും ചരിത്രത്തിന്റെ താളുകളിലും അനശ്വരരായി നിലനിൽക്കും. ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി അത്തരം അപൂർവ നേതാക്കളിൽ ഒരാളാണ്.
ഞങ്ങളെപ്പോലുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഖത്തർ വെറും തൊഴിലിടമായിരുന്നില്ല. പ്രതീക്ഷകൾക്ക് ചിറകുനൽകിയ, സ്വപ്നങ്ങൾക്ക് നിറം പകർന്ന, കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭാവി സമ്മാനിച്ച രണ്ടാമത്തെ മാതൃഭൂമിയായിരുന്നു അത്. ആ മഹത്തായ പരിവർത്തനത്തിന് അടിത്തറ പാകിയ ദീർഘവീക്ഷണമുള്ള നേതാവിനോടുള്ള അഗാധമായ ആദരവും കൃതജ്ഞതയും ഈ വേളയിൽ ഞാൻ രേഖപ്പെടുത്തുന്നു.
അല്ലാഹു അദ്ദേഹത്തിന്റെ സൽകർമ്മങ്ങൾ സ്വീകരിക്കുകയും തന്റെ അളവറ്റ കാരുണ്യത്താൽ ജന്നത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ഈ തീരാനഷ്ടത്തിന്റെ വേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും രാജകുടുംബത്തിനും ഖത്തർ ജനതയ്ക്കും ക്ഷമയും സമാധാനവും ശക്തിയും പ്രദാനം ചെയ്യട്ടെ.
ഒരു യുഗം അവസാനിച്ചിരിക്കാം. എന്നാൽ ഒരു മഹാനായ നേതാവിന്റെ ദർശനവും അദ്ദേഹം സൃഷ്ടിച്ച പൈതൃകവും ഒരിക്കലും അവസാനിക്കുകയില്ല. ആ പേര് എന്നും ഖത്തറിന്റെ ചരിത്രത്തിലും ലോകത്തിന്റെ ഓർമകളിലും ആദരവോടെ നിലനിൽക്കും.
ഡോ. തോമസ്



