ദോഹ: ഖത്തറിന്റെ ശില്പിയും ജനഹൃദയങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ച നേതാവുമായ ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ വിയോഗത്തിൽ ഖത്തറിലെ ഇന്ത്യൻ സമൂഹം ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ത്യൻ അംബാസഡർ വിപുൽ നയിച്ച അനുശോചന യോഗത്തിൽ രാജകുടുംബത്തിനും ഖത്തർ ജനതയ്ക്കും ഇന്ത്യൻ സമൂഹത്തിന്റെ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ഇന്ത്യൻ കൾച്ചറൽ സെന്ററിലെ (ഐ.സി.സി.) അശോക ഹാളിൽ നടന്ന ചടങ്ങിൽ വിവിധ ഇന്ത്യൻ സംഘടനകളുടെ ഭാരവാഹികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഇന്ത്യൻ എംബസിയുടെ കീഴിലുള്ള അപ്പെക്സ് ബോഡികളായ ഐ സി സി , ഐസി ബി എഫ്, ഐ എസ് സി , ഐ ബി പി സി എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി.ഫാദർ അമീറിന്റെ സ്മരണയ്ക്കായി ഒരു മിനിറ്റ് മൗനാചരണം നടത്തിയ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ഐ.സി.സി. ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് അനുശോചന സന്ദേശം വായിച്ചു.
ഖത്തറിനെ ആധുനികവും പുരോഗമനപരവുമായ രാഷ്ട്രമാക്കി ഉയർത്തിയ ദീർഘദർശിയായ നേതാവായിരുന്നു ഫാദർ അമീറെന്നും അദ്ദേഹത്തിന്റെ മാനവികതയും ഉദാരതയും ജനങ്ങളോടുള്ള കരുതലും തലമുറകളോളം ഓർമിക്കപ്പെടുമെന്നും സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
ഫാദർ അമീറിന്റെ ഇന്ത്യാ സന്ദർശനങ്ങളെയും ഇന്ത്യൻ നേതാക്കളുമായുള്ള ആത്മബന്ധത്തെയും അനുസ്മരിക്കുന്ന പ്രത്യേക വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു.
അനുശോചന പ്രസംഗത്തിൽ ഇന്ത്യൻ അംബാസഡർ വിപുൽ, ഇന്ത്യയോടും ഇന്ത്യൻ സമൂഹത്തോടും ഫാദർ അമീർ എന്നും പ്രകടിപ്പിച്ചിരുന്ന പ്രത്യേക സ്നേഹത്തെ അനുസ്മരിച്ചു. ഇന്ത്യയിൽ നിന്ന് ഖത്തറിലെത്തിയ ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിതത്തിൽ അദ്ദേഹത്തിന്റെ ദർശനവും പിന്തുണയും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നും ഇന്ത്യയെക്കുറിച്ചും ഇന്ത്യൻ സമൂഹത്തെക്കുറിച്ചും അദ്ദേഹം എപ്പോഴും സ്നേഹത്തോടെയും ആദരവോടെയും സംസാരിച്ചിരുന്നുവെന്നും അംബാസഡർ പറഞ്ഞു.
ഫാദർ അമീറിന്റെ നിര്യാണത്തെ തുടർന്ന് ഇന്ത്യയിൽ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിച്ചതായും രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലും വിദേശത്തെ ഇന്ത്യൻ എംബസികളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയതായും അദ്ദേഹം ഓർമ്മിപ്പിച്ചു.കേന്ദ്ര പാർലമെന്ററി കാര്യ-ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഖത്തറിലെത്തി നേരിട്ട് അനുശോചനം അറിയിച്ചതും ചടങ്ങിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.
ഇന്ത്യൻ കൾച്ചറൽ സെന്റർ, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം, ഇന്ത്യൻ സ്പോർട്സ് സെന്റർ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ എന്നിവയുടെ പ്രസിഡണ്ടുമാരായ എ പി മണികണ്ഠൻ, ഷാനവാസ് ബാവ, ഇ പി അബ്ദുൾ റഹ്മാൻ, താഹ മുഹമ്മദ് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.ഖത്തറിനെ ആഗോള വികസനത്തിന്റെ പാതയിലേക്ക് നയിച്ച ഫാദർ അമീറിന്റെ അസാമാന്യമായ ദീർഘദർശിത്വത്തെയും ഇന്ത്യയുമായുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥ സൗഹൃദത്തെയും അവർ അനുസ്മരിച്ചു.ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ഇന്നത്തെ ഊഷ്മളതയിലേക്ക് വളരുന്നതിൽ ഫാദർ അമീറിന്റെ നേതൃത്വത്തിന് വലിയ പങ്കുണ്ടായിരുന്നുവെന്നും ആ പാരമ്പര്യം ഇരു രാജ്യങ്ങളുടെയും സൗഹൃദത്തിന് എന്നും പ്രചോദനമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.
.



