നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നീറ്റ് യു.ജി. 2026 റീ-പരീക്ഷയുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ NEET NTA പോർട്ടൽ വഴി സ്കോർകാർഡും റാങ്കും പരിശോധിക്കാം.
ഇത്തവണ പഞ്ചാബിലെ ആര്യൻ ഗുപ്തയും ഹരിയാനയിലെ പാൻഷുൽ ബൻസാലും 720ൽ 715 മാർക്ക് നേടി ദേശീയതലത്തിൽ ഒന്നാം റാങ്ക് സ്വന്തമാക്കി. ടൈ-ബ്രേക്കർ നിയമപ്രകാരം ആര്യൻ ഗുപ്തയ്ക്കാണ് ഒന്നാം റാങ്കും പാൻഷുൽ ബൻസാലിന് രണ്ടാം റാങ്കും ലഭിച്ചത്.
എൻ.ടി.എ. പുറത്തുവിട്ട കണക്കുകൾ പ്രകാരം 11.21 ലക്ഷത്തിലധികം വിദ്യാർഥികൾ യോഗ്യത നേടി. ഇവരിൽ 138 പേർ 690-ൽ കൂടുതൽ മാർക്ക് നേടിയിട്ടുണ്ട്. യോഗ്യത നേടിയവരിൽ 58 ശതമാനത്തിലധികവും പെൺകുട്ടികളാണെന്നും ഫലവിശകലനം വ്യക്തമാക്കുന്നു.
ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് മേയിൽ നടന്ന പരീക്ഷ റദ്ദാക്കി ജൂൺ 21-ന് നടത്തിയ റീ-പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫലം പ്രസിദ്ധീകരിച്ചതോടെ എം.ബി.ബി.എസ്., ബി.ഡി.എസ്. ഉൾപ്പെടെയുള്ള മെഡിക്കൽ പ്രവേശനത്തിനായുള്ള കൗൺസിലിംഗ് നടപടികൾ ഉടൻ ആരംഭിക്കും.



