ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഗ്രൗണ്ടിൽ അരങ്ങേറിയ കയ്യാങ്കളിയിൽ അർജന്റീന താരങ്ങൾക്ക് കടുത്ത ശിക്ഷയുമായി ഫിഫ.
സ്പെയിനിനെതിരായ ഫൈനലിനുശേഷം നടന്ന സംഘർഷത്തിൽ അർജന്റീനയുടെ ലിയാൻഡ്രോ പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. 90,000 ഡോളർ പിഴയും താരത്തിന് ചുമത്തിയിട്ടുണ്ട്. നഹുവൽ മോളിനയ്ക്ക് ഏഴ് മത്സര വിലക്കും 90,000 ഡോളർ പിഴയുമാണ് ശിക്ഷ.
ജൂലൈ 19ന് ന്യൂയോർക്ക്–ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ സ്പെയിൻ എക്സ്ട്രാ ടൈമിൽ 1–0ന് അർജന്റീനയെ തോൽപ്പിച്ച ശേഷമാണ് സംഘർഷമുണ്ടായത്. ലോകകപ്പ് കിരീടം നേടിയ സ്പാനിഷ് താരങ്ങൾ ആഘോഷിക്കുന്നതിനിടെ അർജന്റീന താരങ്ങളും സ്പെയിൻ താരങ്ങളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടാവുകയായിരുന്നു.

ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ അർജന്റീനയുടെ നഹുവൽ മോളിന സ്പെയിൻ ക്യാപ്റ്റൻ റോഡ്രിയുമായി ഏറ്റുമുട്ടിയതാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനിടെ സ്പെയിൻ താരം എറിക് ഗാർസിയ ഇടപെട്ടു. തുടർന്ന് ലിയാൻഡ്രോ പരെഡസ് ഗാർസിയയെ കഴുത്തിന് പിടിക്കുകയും തള്ളുകയും ചെയ്തതായി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇടപെടാനെത്തിയ ഗാവിയെയും പരെഡസ് തള്ളിയിടുകയായിരുന്നു.

സംഭവത്തിൽ പരെഡസിനെതിരേ മൂന്ന് ആക്രമണ കുറ്റങ്ങളും മോളിനക്കെതിരേ രണ്ട് ആക്രമണ കുറ്റങ്ങളുമാണ് ഫിഫയുടെ അച്ചടക്ക നടപടിയിൽ പരിഗണിച്ചത്. അർജന്റീനയുടെ സഹപരിശീലകൻ റോബർട്ടോ അയാലയ്ക്കും മൂന്ന് മത്സര വിലക്ക് ലഭിച്ചു. 30,000 ഡോളറാണ് അയാലയ്ക്ക് പിഴ.
അർജന്റീനയുടെ തിയാഗോ അൽമഡയ്ക്കും സ്പെയിനിന്റെ ഗാവിക്കും ഒരു മത്സര വിലക്ക് വീതമാണ് ലഭിച്ചത്. ഇരുവർക്കും 30,000 ഡോളറിന് തുല്യമായ പിഴ ചുമത്തിയിട്ടുണ്ട്. ഫൈനലിന് പിന്നാലെയുണ്ടായ സംഭവങ്ങളിൽ കളിക്കാരുടെയും ടീം ഒഫീഷ്യൽസിന്റെയും പെരുമാറ്റം ഫിഫ വിശദമായി പരിശോധിച്ച ശേഷമാണ് നടപടി.
കളിക്കാർക്കെതിരായ നടപടിക്ക് പുറമെ അർജന്റീന ഫുട്ബോൾ അസോസിയേഷനും കനത്ത പിഴ നേരിടുകയാണ്. വിവിധ മത്സരങ്ങളിലുണ്ടായ അച്ചടക്കലംഘനങ്ങൾ, വിവേചനപരമായ മുദ്രാവാക്യങ്ങൾ, സുരക്ഷാ വീഴ്ചകൾ, അനുചിതമായ സന്ദേശങ്ങളുടെ പ്രദർശനം തുടങ്ങിയവ പരിഗണിച്ച് 3.21 ലക്ഷം ഡോളറാണ് എഎഫ്എയ്ക്ക് ഫിഫ പിഴ ചുമത്തിയത്. ഇതിൽ ഒരു ലക്ഷം ഡോളർ വിവേചനവിരുദ്ധ പദ്ധതിക്കായി വിനിയോഗിക്കണമെന്നും ഫിഫ നിർദേശിച്ചിട്ടുണ്ട്.
അർജന്റീനയുടെ ഹോം മത്സരങ്ങളിൽ രണ്ട് മത്സരങ്ങൾക്ക് സ്റ്റേഡിയം ശേഷിയുടെ 50 ശതമാനം മാത്രമായി കാണികളുടെ പ്രവേശനം നിയന്ത്രിക്കാനും ഫിഫ നിർദേശിച്ചിട്ടുണ്ട്. ശിക്ഷാനടപടികൾക്കെതിരെ അപ്പീൽ നൽകുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ആവശ്യമെങ്കിൽ കായിക തർക്കപരിഹാര കോടതിയായ സി.എ.എസ് വരെ നിയമനടപടി നീളാനും സാധ്യതയുണ്ട്.
ലോകകപ്പ് ഫൈനലിന്റെ ആവേശകരമായ പോരാട്ടത്തിന് പിന്നാലെ നടന്ന ഈ സംഘർഷം ഫൈനലിന്റെ അവസാന നിമിഷങ്ങളിലെ കായികമര്യാദയെക്കുറിച്ചും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ താരങ്ങൾക്കും ടീം അധികൃതർക്കുമെതിരെ കടുത്ത ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്.



