മൻസൂർ പള്ളൂരിന്റെ ഓർമ്മപ്പുസ്തകം ‘മയ്യഴിയിൽ നിന്ന് മരുഭൂമിയിലേക്ക്’ നവംബർ 14ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എം.കെ. മുനീർ പ്രകാശനം ചെയ്യും
പ്രവാസജീവിതത്തിന്റെ പതിവ് അനുഭവവിവരണങ്ങൾക്കപ്പുറം അറേബ്യൻ ജീവിതത്തിലെ അധികമറിയപ്പെടാത്ത മനുഷ്യരെയും സംസ്കാരങ്ങളെയും വായനക്കാർക്ക് പരിചയപ്പെടുത്തുന്ന മൻസൂർ പള്ളൂരിന്റെ ഓർമ്മപ്പുസ്തകം ‘മയ്യഴിയിൽ നിന്ന് മരുഭൂമിയിലേക്ക്’ നവംബർ 14ന് പ്രകാശനം ചെയ്യും. മയ്യഴിയുടെ ഗൃഹാതുരതയും മരുഭൂമിയുടെ വിസ്മയങ്ങളും ഇഴചേർന്നുനിൽക്കുന്ന പുസ്തകം അറബ് ജനതയുടെ ജീവിതരീതികൾ, പാരമ്പര്യങ്ങൾ, ചരിത്രം, മനുഷ്യബന്ധങ്ങൾ, സ്നേഹത്തിന്റെ വിവിധ തലങ്ങൾ എന്നിവ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.
ആത്മകഥാപരമായ അനുഭവങ്ങൾക്കപ്പുറം ഒരു ദേശത്തിന്റെയും സംസ്കാരത്തിന്റെയും മനുഷ്യരുടെയും ഉള്ളറകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചനയാണിത്. അറബ് ജീവിതത്തിന്റെ അധികമാരും അറിയാത്ത സവിശേഷതകളും അവിടുത്തെ മനുഷ്യരുടെ ജീവിതസമീപനങ്ങളും ബന്ധങ്ങളുടെ ഊഷ്മളതയും എഴുത്തുകാരന്റെ നേരിട്ടുള്ള അനുഭവങ്ങളിലൂടെ പുസ്തകത്തിൽ ആവിഷ്കരിക്കുന്നു.
മയ്യഴിയിൽനിന്ന് മരുഭൂമിയിലേക്കുള്ള ജീവിതയാത്രയുടെ ഓർമകൾക്കൊപ്പം രണ്ട് വ്യത്യസ്ത ദേശങ്ങളുടെയും സംസ്കാരങ്ങളുടെയും അനുഭവലോകങ്ങളെ ബന്ധിപ്പിക്കുന്ന കൃതിയെന്ന നിലയിലും പുസ്തകം ശ്രദ്ധേയമാണ്.
ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം
നവംബർ 14 ശനിയാഴ്ച രാവിലെ 11.30ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിലാണ് പ്രകാശനച്ചടങ്ങ്. കേരള സർക്കാരിന്റെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും ,മുന് മന്ത്രിയുമായ എം.കെ. മുനീർ പുസ്തകം പ്രകാശനം ചെയ്യും. വി.ടി. സലീം, താഹ മാടായി, അനുര മത്തായി, പാപ്പിയോൺ നൗഷാദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. മാതൃഭൂമി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.
സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന
പ്രവാസി എഴുത്തുകാരനും ഗ്രന്ഥകാരനുമായ മൻസൂർ പള്ളൂർ മുൻ ഖത്തർ പ്രവാസിയും മലയാളധ്വനി അംഗവുമാണ്.
പ്രവാസജീവിതത്തിലെ അനുഭവങ്ങളെ കേവലം ഓർമക്കുറിപ്പുകളായി അവതരിപ്പിക്കാതെ ഒരു ജനതയുടെ സംസ്കാരവും ജീവിതവും മനുഷ്യബന്ധങ്ങളും അടയാളപ്പെടുത്താനുള്ള ശ്രമമാണ് പുതിയ പുസ്തകത്തിലൂടെ അദ്ദേഹം നടത്തുന്നത്.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (IOC) മിഡിൽ ഈസ്റ്റ് കൺവീനറായ മൻസൂർ പളളൂർ ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതുന്നു.—ജോണ്ഗില്ബര്ട്ട്
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


