കൊച്ചി മെട്രോ രണ്ടാംഘട്ട വയഡക്ട് നിർമാണം 70 ശതമാനം പൂർത്തിയായി. റെയിൽ കൂട്ടിയോജിപ്പിക്കൽ അടുത്തയാഴ്ച ആരംഭിക്കും
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണത്തിൽ നിർണായക പുരോഗതി. പാതയിലെ വയഡക്ട് നിർമാണം 70 ശതമാനം പൂർത്തിയായതായും ട്രാക്ക് നിർമാണത്തിനാവശ്യമായ റെയിലുകൾ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തി അടുത്തയാഴ്ച ആരംഭിക്കുമെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു.
നവംബർ 11ന് നടന്ന അവലോകന യോഗത്തിലാണ് നിർമാണ പുരോഗതിയും തുടർപ്രവർത്തനങ്ങളും വിലയിരുത്തിയത്. കെഎംആർഎൽ മാനേജിങ് ഡയറക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിലായിരുന്നു യോഗം.
റെയിലുകൾ കൂട്ടിയോജിപ്പിക്കുന്ന ഫ്ലാഷ് ബട്ട് വെൽഡിങ് പ്രവർത്തനങ്ങൾക്കാവശ്യമായ യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഈ സംവിധാനങ്ങൾ സഹായകരമാകും.
കൊച്ചി നഗരത്തിന്റെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും കാക്കനാട് ഉൾപ്പെടെയുള്ള മേഖലകളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും രണ്ടാംഘട്ടം പ്രധാനമാണ്. ഐടി മേഖലയിലേക്കും ഇൻഫോപാർക്കിലേക്കും യാത്ര ചെയ്യുന്നവർക്ക് മെട്രോ കൂടുതൽ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ നിർമാണ പുരോഗതി തുടർന്നും വിലയിരുത്തി സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് കെഎംആർഎല്ലിന്റെ ശ്രമം.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


