മലപ്പുറം: വികസന പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും നിർമിതബുദ്ധി (എ.ഐ) ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്ന് വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കൊണ്ടോട്ടിയുടെ ദീർഘകാല വികസന കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ‘കൊണ്ടോട്ടി നെക്സ്റ്റ് വിഷൻ 2040’ വികസന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ഓഫീസുകളിലെ ഫയൽ നീക്കം വേഗത്തിലാക്കുന്നതിനും പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന സമാന സ്വഭാവമുള്ള അപേക്ഷകൾ ക്രോഡീകരിച്ച് സമയബന്ധിതമായി തീർപ്പാക്കുന്നതിനും എ.ഐ സംവിധാനങ്ങൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രാദേശിക ഉൽപന്നങ്ങളുടെ ഗുണനിലവാരം, പാക്കേജിങ്, വിപണനം, വിതരണ സംവിധാനം എന്നിവ മെച്ചപ്പെടുത്തുന്നതിനും ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കണം. പ്രാദേശിക ഉൽപാദന മേഖലയെ അന്താരാഷ്ട്ര വിപണികളുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് അധികൃതർക്ക് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയുടെ ഭാഗമായി കൊണ്ടോട്ടി ഗവൺമെന്റ് കോളേജിൽ ഐഐടി മദ്രാസിന്റെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ച റൂറൽ ഡെവലപ്മെന്റ് സെന്ററും മന്ത്രി ഉദ്ഘാടനം ചെയ്തു. ബി.എസ്‌സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓണേഴ്സ് വിദ്യാർഥികൾക്ക് പ്രായോഗിക ഗവേഷണത്തിനുള്ള അവസരങ്ങൾ ഒരുക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
2040 വരെയുള്ള പ്രദേശത്തിന്റെ സാമ്പത്തിക, സാമൂഹിക, സാങ്കേതിക, സാംസ്കാരിക വികസനം ലക്ഷ്യമിട്ടുള്ള സമഗ്ര വികസനരേഖ തയ്യാറാക്കുകയാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യം.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


