E20 പെട്രോൾ വിവാദത്തിൽ വിമർശകരെ ‘ശാസ്ത്രം അറിയാത്ത പൊട്ടന്മാർ’ എന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ പ്രസ്താവനയും എഥനോൾ പരിശോധനയെക്കുറിച്ചുള്ള പ്രതികരണവും വാർത്തയിൽ
തൃശൂർ: E20 പെട്രോളിനെച്ചൊല്ലിയുള്ള വിവാദത്തിൽ വിമർശകർക്കെതിരെ രൂക്ഷ പ്രതികരണവുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. E20 ഇന്ധനത്തിന്റെ ശാസ്ത്രീയ വശങ്ങൾ അറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും ഇത്തരക്കാർക്ക് ഇതിന്റെ ശാസ്ത്രം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ നടന്ന ‘യൂത്ത് ഡയലോഗ് വിത്ത് SG’ പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
E10-ൽ നിന്ന് E20-ലേക്കുള്ള മാറ്റം വിപുലമായ ശാസ്ത്രീയ പഠനങ്ങൾക്കും പുനഃപരിശോധനകൾക്കും ശേഷമാണ് നടപ്പാക്കിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ARAI) അംഗീകാരവും ഇതിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പെട്രോളിലെ എഥനോളിന്റെ അളവ് നിശ്ചിത 20 ശതമാനത്തിൽ കൂടുതലാണെന്ന ആരോപണങ്ങളെയും മന്ത്രി ചോദ്യം ചെയ്തു. ഇന്ധനത്തിലെ എഥനോൾ അളവ് പരിശോധിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ടെന്നും അത്തരം പരിശോധനകളെ താൻ എതിർക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചവർ പെട്രോൾ കന്നാസുകളിൽ കൊണ്ടുപോയി മറ്റെന്തെങ്കിലും കലർത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ടിവരുമെന്നും മന്ത്രി പരിഹസിച്ചു. ഇത്തരം ആരോപണങ്ങളിൽ അന്വേഷണം ആവശ്യമായി വന്നാൽ സിബിഐ അന്വേഷണം നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിലും കേരളത്തിലും പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കാൻ സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കർണാടകയിൽ നടത്തിയ പരിശോധനയിൽ ചില സാമ്പിളുകളിൽ എഥനോളിന്റെ അളവ് അനുവദനീയമായ പരിധി മറികടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കേരളത്തിലെ പരിശോധനാഫലം പുറത്തുവന്നിട്ടില്ല.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


