സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പ്രചാരണവും ഉൽപ്പന്നത്തിന്റെ വിപണനത്തിന് സഹായകമായിരുന്നു.
മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ച് മലപ്പുറത്തെ 17കാരിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. എല്ലാ ജില്ലകളിലും പ്രത്യേക പരിശോധനാ സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാൻ നിർദേശം
തിരുവനന്തപുരം: മെർക്കുറി അമിതമായി അടങ്ങിയ ഫെയ്സ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറത്ത് 17കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി. സംസ്ഥാനത്ത് ഇത്തരം സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വിൽപ്പനയും വിതരണവും തടയുന്നതിനും വ്യാപക പരിശോധന നടത്തുന്നതിനുമായി എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. പരാതി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഓൺലൈൻ വഴിയും കടകൾ വഴിയും വ്യാപകമായി വിൽക്കുന്ന ഫെയർനെസ് ക്രീമുകളിൽ മെർക്കുറിയുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയാൻ എല്ലാ ജില്ലകളിലും പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
മലപ്പുറം അരീക്കോട് സ്വദേശിനിയായ 17കാരിക്കാണ് ഓൺലൈൻ വഴി വാങ്ങിയ ഫെയർനെസ് ക്രീമിന്റെ ഉപയോഗത്തെ തുടർന്ന് മെംബ്രനസ് നെഫ്രോപതി എന്ന ഗുരുതര വൃക്കരോഗം ബാധിച്ചത്. ഏകദേശം ഒരു വർഷത്തോളം പെൺകുട്ടി ഈ ക്രീം ഉപയോഗിച്ചിരുന്നതായാണ് വിവരം. തുടക്കത്തിൽ ആരോഗ്യപ്രശ്നങ്ങളൊന്നും പ്രകടമായിരുന്നില്ലെങ്കിലും പിന്നീട് അമിത ക്ഷീണം, ഉറക്കമില്ലായ്മ, പഠനത്തിന് ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു. പിന്നാലെ മുഖത്തും കൈകാലുകളിലും നീരുണ്ടായതോടെയാണ് ചികിത്സ തേടിയത്.
പരിശോധനയിൽ പെൺകുട്ടിയുടെ രക്തത്തിലും ശരീരത്തിലും മെർക്കുറിയുടെ അളവ് അപകടകരമായി ഉയർന്നതായി കണ്ടെത്തി. മെർക്കുറി ശരീരത്തിലെത്തിയതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് ഉപയോഗിച്ചിരുന്ന ഫെയർനെസ് ക്രീമിലേക്ക് ഡോക്ടർമാരുടെ ശ്രദ്ധ എത്തിയത്. തുടർന്ന് കേന്ദ്രസർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുള്ളതായി സ്ഥിരീകരിച്ചു.
അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ വിദഗ്ധ ചികിത്സയിലൂടെയാണ് പെൺകുട്ടി അപകടനില തരണം ചെയ്തത്. നെഫ്രോളജി വിഭാഗത്തിലെ ഡോക്ടർമാരുടെ ഇടപെടലാണ് നിർണായകമായത്. നിലവിൽ വിദഗ്ധ ചികിത്സ തുടരുകയാണ്.
ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി ക്രീം വാങ്ങിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പ്രചാരണവും ഉൽപ്പന്നത്തിന്റെ വിപണനത്തിന് സഹായകമായിരുന്നു. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.
അതേസമയം, സംഭവത്തിൽ ബാലാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി, ഡ്രഗ്സ് കൺട്രോളർ എന്നിവരിൽനിന്ന് കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ യാതൊരു കൃത്യമായ ഗുണനിലവാര പരിശോധനയുമില്ലാതെ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കും സംഭവം വഴിവെച്ചിട്ടുണ്ട്. മെർക്കുറി പോലുള്ള വിഷലോഹങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങളുടെ ദീർഘകാല ഉപയോഗം വൃക്കകൾ ഉൾപ്പെടെയുള്ള അവയവങ്ങളെ ഗുരുതരമായി ബാധിക്കാമെന്നതിനാൽ പരിശോധനയും നിയന്ത്രണവും ശക്തമാക്കണമെന്ന ആവശ്യം ഉയരുകയാണ്.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


